പുൽപള്ളി: മയക്കുവെടിയേറ്റ കടുവ കർണാടക വനത്തിലേക്ക് രക്ഷപ്പെട്ടതോടെ നാട്ടുകാർക്ക് താൽക്കാലിക ആശ്വാസം. ഒരാഴ്ചയായി പ്രദേശത്തെ ആളുകളെ ഭീതിയിലാക്കിയ കടുവ ഇനി തിരിച്ചുവരില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
എന്നാൽ, കടുവയെ ആദ്യം കണ്ടെത്തിയ സ്ഥലത്തുനിന്ന് അര കിലോമീറ്റർ മാത്രം മാറിയാണ് കർണാടക വനം. കടുവ വീണ്ടും നാട്ടിലേക്കിറങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
കടുവക്ക് മയക്കുവെടിയേറ്റെന്ന വിവരം അറിഞ്ഞതോടെ ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. ജാഗ്രത മുന്നറിയിപ്പ് ലംഘിക്കരുതെന്ന നിർദേശത്തെതുടർന്ന് ആളുകളോട് സ്ഥലത്തുനിന്ന് പിന്മാറണമെന്ന് പൊലീസും വനപാലകരും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ആളുകൾ ഇവിടെനിന്നു മാറി.
മയക്കുവെടിയേറ്റ കടുവയെ കൊണ്ടുപോകുന്നത് കാണാനായിരുന്നു ആളുകൾ തടിച്ചുകൂടിയത്. പിന്നീടാണ് വെടിയേറ്റ കടുവ കർണാടക വനത്തിലേക്ക് കയറിപ്പോയി എന്ന വിവരം അറിയുന്നത്. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വിജയൻ അടക്കം സ്ഥലെത്തത്തിയിരുന്നു.
പുൽപള്ളി: ആകാംക്ഷയുടെ മുൾമുനയിലായിരുന്നു വനപാലകരും നാട്ടുകാരും. കടുവക്ക് മയക്കുവെടിയേറ്റെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാർ ഏറെ സന്തോഷിച്ചു.
കടുവശല്യത്തിൽനിന്നു രക്ഷപ്പെട്ടെന്ന ആഹ്ലാദത്തിലായിരുന്നു പ്രദേശവാസികൾ. എന്നാൽ, ഉച്ചക്ക് മൂന്നോടെ വെടിയേറ്റ കടുവയെ പിന്നീട് ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ കടുവയെ കന്നാരംപുഴയോരത്താണ് കണ്ടത്. ഇവിടെനിന്നു കർണാടക വനത്തിലേക്ക് കയറിപ്പോവുകയായിരുന്നു.
കാടുമൂടിക്കിടക്കുന്ന തോട്ടങ്ങൾ തിരച്ചിലിന് ഏറെ തടസ്സമായി. ഇതാണ് കടുവയെ നേരിട്ട് പിന്തുടരാൻ വനപാലകർക്ക് കഴിയാതെ പോയത്. കടുവയെ പിടികൂടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇവിടെനിന്നും മാറ്റാനുള്ള എല്ലാ സന്നാഹങ്ങളും വനംവകുപ്പ് ഒരുക്കിയിരുന്നു.
പുൽപള്ളി: കാടുകയറിയ കടുവ നാട്ടിലേക്ക് എത്താതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ്. ചെറിയ പരിക്ക് കടുവക്കുള്ളതായി വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു പറഞ്ഞു.
രാത്രികാലങ്ങളിൽ പട്രോളിങ് നടത്തും. നിരീക്ഷണ കാമറകളും സ്ഥാപിക്കും. പുഴയോരത്തെ കാട് വെട്ടിനീക്കും. ആളുകളുടെ ഭീതിയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.