കൊച്ചി: വയനാട്ടിലെ മുട്ടിൽ അടക്കമുള്ള മരം മുറി കേസിൽ മുൻമന്ത്രിയെ രക്ഷിക്കാനുറച്ച് റവന്യൂവകുപ്പ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട നോട്ട് ഫയൽ മാധ്യമങ്ങൾക്ക് അടക്കം നൽകുന്നത് വകുപ്പ് സെക്രട്ടറി തടഞ്ഞത് ഈ ലക്ഷ്യം മുന്നിൽ നിർത്തിയാണ്. അതോടൊപ്പം സംസ്ഥാന പൊതുവിവര ഓഫിസർക്കുമേൽ നിയന്ത്രണവും ശക്തമാക്കി.
നിയമസെക്രട്ടറി ജനുവരി 20ന് റവന്യൂവകുപ്പിന് നൽകിയ നിയമോപദേശത്തോടെ പ്രതിക്കൂട്ടിലായത് മുൻമന്ത്രി ഇ. ചന്ദ്രശേഖരനാണ്. കടുത്ത നിയമലംഘനം നടത്തിയത് ചന്ദ്രശേഖരനാണെന്നാണ് നിയമോപദേശം. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണ് റവന്യൂവകുപ്പിെൻറ പുതിയ നീക്കം.
റവന്യൂവകുപ്പിൽ മരം മുറി ഫയൽ കൈകാര്യം ചെയ്ത ചില ഉദ്യോഗസ്ഥരുടെമേൽ പഴിചാരി മുൻമന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണ് റവന്യൂവകുപ്പ് നടത്തുന്നത്. അതിെൻറ ഭാഗമായാണ് വകുപ്പിലെ മികച്ച ഉദ്യോഗസ്ഥയെന്ന് നേരേത്ത വിലയിരുത്തിയ അണ്ടർ സെക്രട്ടറി ഒ.ജെ. ശാലിനിയുടെ ഗുഡ് സർവിസ് എന്‍ട്രി പിൻവലിച്ചത്.
ചന്ദ്രശേഖരെൻറ കത്ത് അടക്കമുള്ള ഫയലുകള്‍ പുറത്തുവന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതോടെയാണ് ഇവര്‍ ഗുഡ് സർവിസ് എന്‍ട്രിക്ക് യോഗ്യയല്ലെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കിയത്.
ചന്ദ്രശേഖരനെതിരെ ചോദ്യങ്ങൾ ഉയരുന്നത് തടയാൻ റവന്യൂ ഉദ്യോഗസ്ഥരെ ഇരുചേരിയിലാക്കി. കോൺഗ്രസ് ബന്ധമുള്ള സർവിസ് സംഘടനയിലെ അംഗങ്ങളെ നീക്കി റവന്യൂവകുപ്പ് ശുദ്ധീകരിക്കുന്നതിന് മന്ത്രി കെ. രാജൻ പച്ചക്കൊടി കാട്ടിയെന്നാണ് സൂചന.
റവന്യൂവകുപ്പിൽനിന്ന് കൂടുതൽ ജീവനക്കാരെ വരും ദിവസങ്ങളിൽ മാറ്റിയേക്കും. സി.പി.എം നിയന്ത്രണത്തിലുള്ള സർവിസ് സംഘടനയെ കൂട്ടുപിടിച്ചാണ് നീക്കം.
അതേസമയം, നിയമസെക്രട്ടറിയുടെ നിയമോപദേശത്തിന് സമാനമായ അഭിപ്രായമാണ് നേരേത്ത റവന്യൂ ജോയൻറ് സെക്രട്ടറി ഫയലിൽ ചൂണ്ടിക്കാണിച്ചത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരം മുറിക്കാൻ ഉത്തരവ് ഇറക്കുന്നത് നിയമവിരുദ്ധമാണെന്ന് അവർ രേഖപ്പെടുത്തിയിരുന്നു.
അത് മാറ്റിവെച്ചാണ് മരംകൊള്ളക്ക് വഴിവെച്ച ഉത്തരവിറക്കാൻ ഇ. ചന്ദ്രശേഖരൻ നിർദേശം നൽകിയത്. നിർദേശം നിയമവിരുദ്ധമാണെന്നും 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പുറപ്പെടുവിച്ച സർക്കുലറും ഉത്തരവും റദ്ദ് ചെയ്യണമെന്നുമാണ് നിയമോപദേശം.
വിഷയത്തിൽ സൂര്യനെ മുറംകൊണ്ട് മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ ഗവ.സ്പെഷൽ പ്ലീഡർ അഡ്വ. സുശീല ഭട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.