തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും കമ്പനിയിലെ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ ശശികുമാരന് തമ്പിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി.
കേസിൽ നിർണായക പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവിന്റെ നടപടി.. ശശികുമാരന് തമ്പിയുടെ അടുത്താണ് മറ്റ് പ്രതികള്‍ ഉദ്യോഗാർഥികളെ ഇന്റര്‍വ്യൂവിനായി കൊണ്ടുവന്ന് തട്ടിപ്പ് നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജോലി തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലും നിരവധി പരാതികള്‍ ഇപ്പോഴും ലഭിക്കുന്ന സാഹചര്യത്തിലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ അറിയിച്ചു.
പൂജപ്പുര പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിലാണ് ശശികുമാരന് തമ്പി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്കൂള്‍ അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ നാലാം പ്രതിയാണ് ശശികുമാരന് തമ്പി. അധ്യാപികയുടെ ഒപ്പം ജോലിനോക്കിയിരുന്ന പാറശ്ശാല പെരുംകുളം പുനലാല്‍ സൈമണ്‍ റോഡില്‍ ഷംനാദാണ് അധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയില്‍ മെക്കാനിക്കായി ജോലി വാഗ്ദാനം ചെയ്തത്.
കേസിലെ മറ്റ് പ്രതികളായ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരോടൊപ്പം അധ്യാപികയുടെ മകനെ ടൈറ്റാനിയം കമ്പനിയില്‍ കൊണ്ടുവന്ന് ശശികുമാരന് തമ്പിയെ കണ്ട് വിശ്വാസ്യത നേടിയെടുത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അതിനിടെ കഴിഞ്ഞദിവസം കസ്റ്റഡിയിൽവിട്ട കേസിലെ മുഖ്യ സൂത്രധാരകൻ ശ്യാംലാലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഈമാസം ഒമ്പത് വരെയാണ് ഇയാളെ പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.