തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ. മണക്കാട് സ്വദേശി ശ്യാംലാലിനെ യാണ്(58) കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഉദ്യോഗാർഥികളെ ഇൻറർവ്യൂവിനായി ടൈറ്റാനിയത്തിലെത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. സിറ്റി പൊലീസ് കമീഷണർ ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണിത്. പ്രധാന ഇടനിലക്കാരി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇടനിലക്കാരൻ കുര്യാത്തി സ്വദേശി അഭിലാഷിനെ പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തിരുന്നു. ദിവ്യയുടെ അറസ്റ്റിനെ തുടർന്ന് ശ്യാംലാൽ ഉൾപ്പെടെ ആറു പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ദിവ്യയുടെ മൊഴിയിൽ ശ്യാംലാലിന്‍റെയും അഭിഭാഷകയായ ഭാര്യയുടെയും പങ്ക് വ്യക്തമായിരുന്നു.
മറ്റൊരു പ്രധാന പ്രതി ടൈറ്റാനിയം ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ശ്യാംലാലും ശശികുമാരൻ തമ്പിയുമായുള്ള സൗഹൃദം തട്ടിപ്പിലേക്ക് നയിച്ചുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ശ്യാംലാലിന്‍റെ ഭാര്യ കുറച്ചുനാൾ ടൈറ്റാനിയത്തിൽ ലീഗൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. താൻ ഇടനിലക്കാരിയായിരുന്നെന്നും ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയ പണം ശ്യാംലാലിനും മറ്റൊരു പ്രതിക്കുമാണ് കൈമാറിയിരുന്നതെന്നും തനിക്ക് കമീഷൻ മാത്രമാണ് ലഭിച്ചിരുന്നതെന്നുമാണ് ദിവ്യയുടെ മൊഴി.
ശ്യാംലാൽ പിടിയിലായതോടെ തട്ടിപ്പ് കേസിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. ദിവ്യയുടെ ഭർത്താവ് രാജേഷ്, സഹോദരൻ പ്രദീപ്, ശശികുമാരൻ തമ്പി തുടങ്ങിയവരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഇടനിലക്കാരനായി പ്രവർത്തിച്ച സ്കൂൾ അധ്യാപകൻ ഉൾപ്പെടെയുള്ളവരും പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.