തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാർ തൊഴിൽ സമയത്ത് കാണിക്കുന്ന അലംഭാവത്തെ നിയന്ത്രിക്കാൻ ഒടുവിൽ ആക്സസ് കൺട്രോൾ സംവിധാനം നിലവിൽ വരുന്നു. ഏപ്രിൽ ഒന്നു മുതൽ ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു. ഇതോടെ ജീവനക്കാർ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് നിയന്ത്രണം വരും. തുടക്കത്തിൽ രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കും. നിർദേശങ്ങൾ കണക്കിലെടുത്ത് ബയോമെട്രിക് ഹാജർ സംവിധാനവുമായി ബന്ധിപ്പിക്കും. പദ്ധതി നിർവഹണത്തിന്റെ ചുമതല പൊതുഭരണ വകുപ്പിനാണ്.
രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാൻ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ജീവനക്കാരെ ബന്ദികളാക്കുന്നു എന്ന ആരോപണവുമായി സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാർഡിനു പകരം പുതിയ കാർഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതിൽ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്തും. അല്ലാത്തപക്ഷം മതിയായ കാരണം ബോധിപ്പിക്കണം.
നിലവിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ രാവിലെയും വൈകിട്ടും പഞ്ച് ചെയ്യണം. പഞ്ച് ചെയ്തശേഷം പുറത്തു പോകാൻ തടസ്സമില്ല. വൈകി എത്തുന്നതിനും നേരത്തേ പോകുന്നതിനുമായി മാസം 300 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തും. ഏതു സെക്‌ഷനിൽ ആരെ സന്ദർശിക്കുന്നു എന്നു സന്ദർശക കാർഡ് വഴി നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.