തിരുവനന്തപുരം: മുഖം മിനുക്കലിന്റെ ഭാഗമായി ക്ഷേമ പെൻഷനിലെയടക്കം കുടിശ്ശിക തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള പണം കണ്ടെത്താൻ മുണ്ടുമുറുക്കേണ്ടി വരും. പ്രഖ്യാപന പ്രകാരം വിവിധ കുടിശ്ശികകൾ തീർക്കാൻ 22,000 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. ക്ഷേമ പെൻഷനും ഡി.എയും ഒഴികെ അധിക പ്രഖ്യാപനങ്ങളും 2025 മാർച്ചിനുള്ളിൽ തീർപ്പാക്കണം.
കടമെടുപ്പ് പരിധിയിലടക്കം കേന്ദ്ര നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം സ്വന്തം നിലക്ക് അധിക വരുമാനം കണ്ടെത്താതെ നിയമസഭയിൽ നൽകിയ വാക്കുപാലിക്കാനാവില്ല. വിവിധ സേവനങ്ങൾക്കുള്ള നിരക്കുകളിൽ വർധന വരുമെന്ന ഭീതിയും നിലനിൽക്കുകയാണ്. ഇതു സംബന്ധിച്ച് സെക്രട്ടറി തല സമിതി സർക്കാറിന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ സർക്കാറിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തുന്നതോടെ ഈ വർഷവും സംസ്ഥാനത്തിന്റെ കടപരിധിയിൽ 5710 കോടിയുടെ കുറവുണ്ടാകുന്നുണ്ട്.
കേന്ദ്രബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഐ.ജി.എസ്.ടിയിൽ വലിയ ചോർച്ച കണ്ടെത്തിയെങ്കിലും പരിഹരിക്കാൻ ഇനിയും ഇടപെടലുകളുണ്ടായിട്ടില്ല. 35,000 കോടിയിലേറെയാണ് ഈ ഇനത്തിലെ നഷ്ടം. 2017 മുതൽ 2020-21 വരെയുള്ള കണക്കുകൾ മാത്രം പരിശോധിച്ച് എക്സിപെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് ചെയ്തത് 25,000 കോടിയുടെ നഷ്ടമാണ്. ജി.എസ്.ടി നഷ്ടപരിഹാരം കൂടി നിലച്ച കാലത്താണ് കുടിശ്ശിക തീർക്കാൻ 22,000 കോടി അധികമായി കണ്ടെത്തേണ്ടി വരുന്നത്.
28,858 കോടി നികുതി ഇനത്തിൽ പിരിച്ചെടുക്കാനുണ്ടെന്നാണ് സി.എ.ജിയുടെ കണക്ക്. കുറഞ്ഞത് 20,000 കോടി പിരിച്ചെടുക്കാനായാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാം. എന്നാൽ, കേരളീയവും നവകേരള സദസ്സും പോലുള്ള സർക്കാർ പരിപാടികൾക്കായി സ്പോൺസർഷിപ്പിലൂടെ പണം വാങ്ങിയത് ഇത്തരത്തിൽ നികുതി കുടിശ്ശികയുള്ള വ്യാപരികളിൽനിന്നും വ്യവസായികളിൽനിന്നും സംരംഭകരിൽനിന്നുമാണ്. ഈ സാഹചര്യത്തിൽ ആനംസ്റ്റി സ്കീമുകളും ഇളവുകളും പ്രഖ്യാപിച്ചാലും നികുതി വകുപ്പിന്റെ കുടിശ്ശിക തീർപ്പാക്കൽ ദൗത്യം ഫലം കാണില്ലെന്നാണ് സൂചനകൾ. 12,923 കോടിയുടെ വാറ്റ് നികുതി കുടിശ്ശിക പിരിക്കാനായി തുടങ്ങിയ ആനംസ്റ്റിയിൽ ആകെ പിരിഞ്ഞത് 744 കോടി മാത്രമാണെന്നതിനാൽ വിശേഷിച്ചും.
ക്ഷേമ പെൻഷൻ കുടിശ്ശിക രണ്ടുവർഷംകൊണ്ട് ഗഡുക്കളായി കൊടുത്തുതീർക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതായത് 2026 മാർച്ച് മാസത്തോടെയേ ഗഡുക്കളായുള്ള കുടിശ്ശിക വിതരണം പൂർത്തിയാകൂ. ഇത്തരത്തിലെ നീട്ടൽ തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമാക്കാനാണെന്നാണ് വിമർശനം. നിലവിലെ അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയായ 8000 രൂപയിൽ രണ്ട് ഗഡുവായ 3200 രൂപ ഈ സാമ്പത്തിക വർഷവും (2024-25) മൂന്ന് ഗഡുവായ 4800 രൂപ അടുത്ത സാമ്പത്തിക വർഷവും (2025-26) നൽകുമെന്നാണ് പ്രഖ്യാപനം. ഫലത്തിൽ 4800 കോടി നിയമസഭ തെരഞ്ഞെടുപ്പ് കാലമായ 2026 മാർച്ചിനുള്ളിൽ വിതരണം ചെയ്താൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.