തൃശൂര്‍: ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകള്‍ വേദിയിലെത്തും. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, പെന്ഷന് കുടിശ്ശിക കിട്ടാൻ സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈകോടതിയെ സമീപിച്ച മറിയക്കുട്ടി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അറിയിച്ചു. പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച തേക്കിൻകാട് മൈതാനിയിൽ മെഗാ തിരുവാതിര കളിയും ചൊവ്വാഴ്ച ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ 101 കലാകാരന്മാർ പങ്കെടുക്കുന്ന കേളി അവതരണവുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷക്രമീകരണങ്ങൾ ശക്തമാക്കി. കഴിഞ്ഞ ദിവസം ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും പ്രധാനമന്ത്രി ഇറങ്ങുന്ന കുട്ടനെല്ലൂർ ഹെലിപാഡ് സന്ദർശിച്ച ശേഷം നഗരത്തിലെ സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചു. പരിപാടി നടക്കുന്ന തേക്കിൻകാട് നായ്ക്കനാൽ ഭാഗത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം അടച്ചു. വടക്കുംനാഥൻ മൈതാനത്തുനിന്ന് നെഹ്റു പാർക്കിനോട് ചേർന്ന വഴിയിലൂടെയും പ്രവേശനം നിയന്ത്രിക്കുന്നുണ്ട്.
നായ്ക്കനാലിൽ തുടങ്ങി പാർക്ക് വരെയുള്ള തേക്കിൻകാട് സ്വരാജ് റൗണ്ടിനോട് ചേർന്ന ഭാഗം പുറത്തുനിന്ന് കാണാത്തവിധം അടച്ചു. ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പൊലീസ് നിർദേശം നൽകി.
പരിചിതരല്ലാത്ത ആളുകളെത്തിയാൽ നിരീക്ഷിക്കണമെന്നും അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടായാൽ ഉത്തരവാദിത്തം കട, കെട്ടിട ഉടമകൾക്ക് ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.