ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പ് വേളയിലും മറ്റും ജില്ലയിൽ അരങ്ങേറിയ വിവിധ ആക്രമണക്കേസുകൾ, നേതൃത്വം ഒത്തുതീർക്കുമ്പോൾ പാഴാവുന്നത് പൊലീസിെൻറ അധ്വാനം. മുൻകാലങ്ങളിലടക്കം ഇത്തരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പരസ്പരം വെല്ലുവിളിച്ച് അക്രമം കാട്ടിയവർ, കേസ് ഒത്തുതീർപ്പിലാക്കുന്നതോടെ ശത്രുത വെടിഞ്ഞ് നേതാക്കളും സുഹൃത്തുക്കളുമാവുന്നു. വീടും വാഹനങ്ങളും ആക്രമിക്കപ്പെട്ടവർക്ക് പലപ്പോഴും നഷ്ടപരിഹാരവും കിട്ടാറില്ല. ആക്രമിക്കപ്പെടുന്നവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിൽ പൊലീസ് അവിടെ ചെന്ന് മൊഴിയെടുക്കണം.
കേസിന് നിർബന്ധം പിടിക്കുന്നതോടെ എഫ്.ഐ.ആർ തയാറാക്കും. നിരവധി പ്രതികളുണ്ടെങ്കിൽ അവരെയെല്ലാം കണ്ടെത്തി മൊഴിയെടുത്ത് അറസ്റ്റ് ചെയ്യണം. പിന്നീട് കുറ്റപത്രം തയാറാക്കി കോടതിയിലും നൽകണം. രാവും പകലും മെനക്കെട്ട് പൊലീസ് പണിയെടുത്താലും പാർട്ടി നേതൃത്വത്തിെൻറ വിമർശനങ്ങളും കേൾക്കണം. ചിലപ്പോൾ ഭീഷണിയും പകപോക്കലും പിന്നെ സ്ഥലംമാറ്റവുമെല്ലാം വേറെ.
എന്നാൽ, കേസ് കോടതിയിലെത്തുന്നതോടെ വാദിയും പ്രതിയും ഒന്നാവുകയും കേസ് ഒത്തുതീർക്കുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് ഉന്നതർ വ്യക്തമാക്കുന്നു. അക്രമം ഒഴിവാക്കുകയോ ഉണ്ടായാൽ സംസാരിച്ച് പ്രാദേശിക തലത്തിൽ ഒത്തുതീർക്കാനോ രാഷ്ട്രീയ നേതൃത്വം തയാറാവാത്തതിനാലാണ് പൊലീസിന് ഇത്രയേറെ പണിപ്പെടേണ്ടി വരുന്നത്. പല പ്രദേശങ്ങളിലും ദിവസങ്ങളോളം അക്രമപരമ്പര സൃഷ്ടിച്ച് സമാധാനം ഇല്ലാതാക്കുന്നവരാണ് പിന്നീട് കോടതിയിൽ കേസ് ഒത്തുതീർക്കുന്നത്.
ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വിവിധ പാർട്ടികൾ വാദിയും പ്രതിയുമായ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തുകയാണിപ്പോൾ. 70ലധികം കേസുകളാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളെ തുടർന്ന് എടുത്തിട്ടുള്ളത്. ഈ കേസുകളും ഭാവിയിൽ ഒത്തുതീരുമെന്നതിനാൽ അന്വേഷണം നടത്തുന്നവരും മടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.