തൊടുപുഴ: ജൈവ വൈവിധ്യവും അണക്കെട്ടുകളുടെ പ്രൗഢിയും പ്രകൃതിഭംഗിയുംകൊണ്ട് കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇടുക്കി ജില്ലക്ക് ബുധനാഴ്ച 50ാം പിറന്നാൾ. സംസ്ഥാനത്തിന്റെ കാർഷിക സമൃദ്ധിക്ക് മുതൽക്കൂട്ടായി മാറിയ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് മഹാമാരിക്കാലത്ത് ആഘോഷങ്ങളില്ലാതെയാണ് ജന്മദിനത്തെ വരവേൽക്കുന്നത്.
കേരളത്തിലെ 11ാമത് ജില്ലയായി 1972 ജനുവരി 26നാണ് ജില്ല രൂപംകൊണ്ടത്. 4358 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. 11,08,974 ആണ് ജനസംഖ്യ. കുടിയേറ്റത്തിലൂടെ വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായി മാറിയ ഇടുക്കി അരനൂറ്റാണ്ടിനിടെ കൃഷിയിലും ഊർജോൽപാദനത്തിലും കൈവരിച്ച നേട്ടങ്ങൾ അദ്ഭുതാവഹമാണ്. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഇടുക്കിയിലെ പദ്ധതികൾ സംഭാവനചെയ്യുന്നു. സംസ്ഥാനത്തിന്റെ ഖജനാവ് നിറക്കുന്നവരിൽ ഓരോ വർഷവും ഇടുക്കിയുടെ സൗന്ദര്യം തേടിയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളുമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയടക്കം 14 അണക്കെട്ടുകൾ ജില്ലയുടെ സമ്പത്താണ്.
കടന്നുപോയ പ്രളയങ്ങളും പിന്നാലെയെത്തിയ കോവിഡ് മഹാമാരിയും കാർഷിക, സാമൂഹിക മേഖലകളിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച 12,000 കോടിയുടെ പാക്കേജിലെ നടപടികൾ സുവർണജൂബിലി വർഷത്തിലും ഇഴയുകയാണ്. മുല്ലപ്പെരിയാറും പട്ടയവും ഭൂപ്രശ്നങ്ങളും ഉയർത്തുന്ന സങ്കീർണതകൾ പരിഹാരമില്ലാതെ തുടരുന്നു. ജില്ലയിലെ ഗോത്രവർഗജനതക്കും തോട്ടം തൊഴിലാളികൾക്കുമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വേണ്ടതുണ്ട്. ഇടുക്കി പാക്കേജടക്കം പദ്ധതികളിലാണ് ജില്ലയുടെ പ്രതീക്ഷ. സുവർണജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന പരിപാടികൾക്ക് ജില്ല ഭരണകൂടം രൂപംനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.