കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ കേസിൽ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്സണ് വീഴ്ച പറ്റിയെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ശനിയാഴ്ച കോഴിക്കോട് ഡി.എം.ഒ ഓഫിസിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് ഈ നിഗമനത്തിൽ എത്തിയത്. കുട്ടിക്ക് ആവശ്യമായ ചികിത്സയല്ല ലഭിച്ചതെന്നും പ്രഥമ ദൃഷ്ട്യാ വീഴ്ച പറ്റിയെന്നും ഇതിൽനിന്ന് വ്യക്തമാണ്. ചികിത്സക്കിടെ രോഗിക്ക് മറ്റെന്തെങ്കിലും രോഗം കണ്ടെത്തിയാൽ അത് ബന്ധുക്കളെ ബോധ്യപ്പെടുത്തി സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ ശസ്ത്രക്രിയ നടത്താൻ പാടുള്ളൂ. ഈ കേസിൽ അതുണ്ടായിട്ടില്ല.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയിൽ അവയവം മാറിപ്പോകുന്നത് അസാധാരണമാണെന്നും ബോർഡ് വിലയിരുത്തി. കുട്ടിക്ക് നാവിന് പ്രശ്നമുണ്ടോയെന്നത് ബോർഡ് പരിഗണിച്ചില്ലെന്നാണ് വിവരം. ചികിത്സയിൽ വീഴ്ച പറ്റിയെന്നായിരുന്നു പൊലീസിന്റെയും കണ്ടെത്തൽ. ഇത് മെഡിക്കൽ ബോർഡ് ശരിവെച്ചതോടെ പൊലീസ് കുറ്റപത്രം സമർപ്പിക്കൽ അടക്കമുള്ള അന്വേഷണ നടപടിയുമായി മുന്നോട്ടുപോകും. മേയ് 16നാണ് ചെറുവണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ നാവിൽ കെട്ട് കണ്ടപ്പോൾ ബന്ധുക്കളുടെ സമ്മതം കൂടാതെ ശസ്ത്രക്രിയ നടത്തി എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
പിന്നീട് ഡോക്ടർ കുറ്റം സമ്മതിക്കുകയായിരുന്നു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ഡോക്ടർ ഒ.പി ശീട്ടിൽ എഴുതി ഒപ്പിട്ടു നൽകിയിരുന്നു. കേസിൽ ഡോക്ടർക്ക് ശുദ്ധിപത്രം നൽകുന്നതിൽ മെഡിക്കൽ ബോർഡിന് തടസ്സമായി നിന്നതും ഡോക്ടറുടെ ഈ കുറ്റസമ്മതമായിരുന്നു. രാവിലെ 11ന് ചേർന്ന യോഗം ഉച്ചക്ക് രണ്ടോടെയാണ് അവസാനിച്ചത്. ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.