വടകര: ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരെൻറ അഞ്ചാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഓർക്കാട്ടേരിയിൽ ടി.പി. ചന്ദ്രശേഖരെൻറ അഞ്ചാം രക്തസാക്ഷി ദിനാചരണം ആർ.എം.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മംഗത്റാം പസ്ല ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിനാലാണ് സി.പി.എം തങ്ങളെ ആക്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു രാഷ്ട്രീയം സംസാരിച്ചതിനാലാണ് ടി.പിയെ കൊന്നത്. എന്നാൽ, ടി.പി മുന്നോട്ടുവെച്ച രാഷ്ട്രീയം ഇന്ന് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ മുന്നേറുകയാണ്. പഞ്ചാബിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനേക്കാൾ വോട്ട് നേടിയത് ആർ.എം.പിയാണ്. തങ്ങൾ ഉയർത്തുന്ന മുദ്രാവാക്യം ജനങ്ങൾ അംഗീകരിക്കുന്നു എന്നതിന് തെളിവാണിത്. ഒഞ്ചിയത്ത് ടി.പി അനുയായികൾക്കുനേരെയുള്ള ആക്രമണം പതിവാക്കിയിരിക്കുകയാണ്.
ഇത് തുടരുകയാണെങ്കിൽ പ്രതിരോധിക്കാൻ വേറെ വഴികൾ തേടേണ്ടിവരുമെന്നും മംഗത്റാം പസ്ല പറഞ്ഞു.കുളങ്ങര ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.കെ. രമ, അഡ്വ. കെ. കുമാരൻ കുട്ടി, കെ.എസ്. ഹരിഹരൻ, കെ.കെ. കുഞ്ഞിക്കണാരൻ, ടി.എൽ. സന്തോഷ് എന്നിവർ സംസാരിച്ചു. വെള്ളികുളങ്ങരയിൽനിന്ന് ചുവപ്പുസേന പരേേഡാടുകൂടി ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. രാവിലെ പ്രഭാതഭേരി നടന്നു. ഒഞ്ചിയത്തെ വിവിധ പ്രദേശത്തുള്ളവർ ചെറുപ്രകടനമായി ടി.പിയുടെ വീട്ടിലെത്തി. അഞ്ച്മൂല പറമ്പത്ത് കുമാരൻ പതാക ഉയർത്തി. വി.കെ. സുരേഷ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. എൻ. വേണു സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
ടി.പി വധ ഗൂഢാലോചന: രാഷ്ട്രീയ കക്ഷികൾ ഒത്തുകളിച്ചു -കെ.കെ. രമ വടകര: ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതിരിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതായാണ് അനുഭവമെന്ന് ചന്ദ്രശേഖരെൻറ ഭാര്യയും ആർ.എം.പി.ഐ നേതാവുമായ കെ.കെ. രമ പറഞ്ഞു. സി.പി.എം നേതൃത്വത്തിെൻറ പങ്കിനെക്കുറിച്ച് കൃത്യമായ തെളിവുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ആ സംഘം അന്വേഷിച്ചതെന്താണ് എന്ന് അറിയില്ല. ബി.ജെ.പിയുടെ ഉന്നത നേതാക്കളെത്തി നീതി ഉറപ്പുതന്നിരുന്നു. എന്നാൽ, യു.ഡി.എഫും ബി.ജെ.പിയും ഒരെ പോലെ ചതിച്ചു. ടി.പി. സെൻകുമാറിനെ വേട്ടയാടുന്നതിനുപിന്നിലും ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകംതന്നെയാണുള്ളത്. ജിഷ കേസും പുറ്റിങ്ങൽ അപകടവും വെറുതെ പറയുന്നതാണ്. ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണത്തിന് ഹൈകോടതിയെ സമീപിക്കും. ഫാഷിസം എന്നുപറഞ്ഞുകേൾക്കാറേയുള്ളൂ. ഫാഷിസമെന്തെന്ന് അറിയണമെങ്കിൽ ഒഞ്ചിയത്ത് വരണമെന്നും രമ പറഞ്ഞു. ഈ അഞ്ചുവർഷവും കൊടിയ മർദനങ്ങളെയും ഭീഷണിയെയും അതിജീവിച്ചാണ് ടി.പിയുടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.