‘പി.വി. അന്‍വർ സി.പി.എമ്മിന് വെല്ലുവിളിയല്ല, പിന്നെയല്ലേ സ്ഥാനാര്‍ഥികൾ’; രാഷ്ട്രീയത്തില്‍ ആജീവനാന്ത ശത്രുതയില്ലെന്ന് ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: പി.വി. അന്‍വർ തന്നെ സി.പി.എമ്മിന് വെല്ലുവിളിയല്ലെന്നും പിന്നെയല്ലേ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥികളെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ എൽ.ഡി.എഫിന് കഴിയും. ചേലക്കര നിലനിര്‍ത്തുകയും പാലക്കാട് തിരിച്ചു പിടിക്കുകയും വയനാട്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. സാധാരണ ഈ തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാറിനെ ബാധിക്കുന്നതല്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മല്‍സരം. ഞങ്ങളുടെ രാഷ്ട്രീയം അംഗീകരിച്ചു കോണ്‍ഗ്രസില്‍ നിന്ന് പലരും ഇടതുപക്ഷത്തേക്കു വരുന്നുണ്ട്. അതില്‍പെട്ട ഒരാളാണ് പി. സരിന്‍. പാലക്കാട് സീറ്റ് ബി.ജെ.പിക്ക് പതിച്ചു നല്‍കാന്‍ സ്വീകരിച്ചിട്ടുള്ള ഡീലിന്റെ ഭാഗമായാണ് വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വന്നതെന്ന് സരിന്‍ തന്നെ പറഞ്ഞിരുന്നു.

അങ്ങനെ പല ബന്ധങ്ങളും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. സരിന്‍ മുന്‍പ് ഇടത് നേതാക്കളെ വിമര്‍ശിച്ചത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. ആ നിലപാടിൽ നിന്ന് അദ്ദേഹം മാറി. രാഷ്ട്രീയത്തില്‍ ആജീവനാന്ത ശത്രുത ആരോടും ഇല്ല. സരിന്റെ വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമായതു കൊണ്ടാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. എല്ലാ ചോദ്യങ്ങള്‍ക്കും സരിന്റെ വിജയം ഉത്തരം നല്‍കുമെന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ഷാഫി പറമ്പിലിന് വോട്ട് ചെയ്യാമെന്ന നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. ഷാഫിയുടെ വിജയത്തിന് സഹായിക്കുന്ന തരത്തിലുള്ള ഒരു നിലപാടും എൽ.ഡി.എഫ് സ്വീകരിച്ചിട്ടില്ല. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനെ ഈ വിഷയം ബാധിക്കില്ലെന്നും ടി.പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - TP Ramakrishnan attack to PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.