തിരുവനന്തപുരം: തുണിക്കടകളിലടക്കം ജീവനക്കാർക്ക് ഇരിപ്പിടം അനുവദിക്കുന്ന നിയമം നിലവിൽവന്ന സാഹചര്യത്തിൽ അത് നടപ്പാക്കുന്നെന്ന് ഉറപ്പാക്കാൻ തൊഴിൽവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.ഇരിപ്പിടം അനുവദിക്കുന്നതടക്കം വ്യവസ്ഥകൾ നടപ്പാക്കാൻ തൊഴിലുടമകൾ മുൻകൈയെടുക്കണം. ട്രേഡ് യൂനിയനുകളും ജീവനക്കാരും ഇടപെടൽ നടത്തണം. തൊഴിലുടമകളുടെ ഭാഗത്തുനിന്ന് നിയമഭേദഗതിയുടെ അന്തസ്സത്തക്ക് നിരക്കാത്ത സമീപനമുണ്ടായാൽ അക്കാര്യം തൊഴിൽവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണണമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.നിയമസഭ പാസാക്കിയ ബില്ലിൽ ജീവനക്കാർക്കനുകൂലമായ സുപ്രധാന ഭേദഗതികളാണ് വരുത്തിയത്. ലക്ഷക്കണക്കിന് സ്ത്രീകളടക്കം ജീവനക്കാർക്ക് ഇരിപ്പിടം നിയമപരമായ അവകാശമായി മാറി. ജീവനക്കാർക്ക് ഇരിപ്പിടം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.
വൈകീട്ട് ഏഴുമുതൽ പുലർച്ച ആറുവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തി. വൈകീട്ട് ഒമ്പതുവരെ സ്ത്രീ ജീവനക്കാരെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു. മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതുമുതൽ പുലർച്ച ആറുവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. ആഴ്ചയിൽ ഒരു ദിവസം കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലാ ദിവസവും സ്ഥാപനങ്ങൾ തുറക്കാം. ആഴ്ചയിൽ ഒരുദിവസം ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി നിർബന്ധമായും നൽകണമെന്ന് വ്യവസ്ഥ ചെയ്തു.
ഏജൻസികൾ വഴി റിക്രൂട്ട് ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികളെയും വിജ്ഞാപനം വഴി തൊഴിലാളി എന്ന നിർവചനത്തിെൻറ പരിധിയിൽ കൊണ്ടുവരാൻ സർക്കാറിന് അധികാരമുണ്ടാവും.നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തൊഴിലുടമകൾക്കുള്ള പിഴ ഓരോ വകുപ്പിനും ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ചുമത്തുന്ന പിഴ രണ്ട് ലക്ഷമാക്കി. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ ഒരാൾക്ക് 2500 രൂപ എന്ന ക്രമത്തിലാകും പിഴ ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.