കൊല്ലം: ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിൽ സി.ഐ.എ ഇടപെടലും ക്രയോജനിക് എൻജിനും പോലുള്ള വിഷയങ്ങളായിരുന്നില്ലെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. തിരുവനന്തപുരം ഡി.സി.പി ആയിരുന്ന ഋഷിരാജ് സിങ്ങിന് തിരുവനന്തപുരത്ത് താമസിക്കാൻ നല്ലൊരു വീടോ ക്വാർട്ടേഴ്സോ നൽകിയിരുന്നെങ്കിൽ ഐ.എസ്.ആർ.ഒ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച പി.കെ. തമ്പി അനുസ്മരണ സമ്മേളനത്തിൽ ‘ഭരണം, പൊലീസ്, മാധ്യമങ്ങൾ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് തിരുവനന്തപുരത്തെ നല്ല വീടുകളെല്ലാം മാലി സ്വദേശികൾ വാടകക്കെടുത്തിരുന്നു. ഇതേകുറിച്ച് അന്വേഷിക്കാൻ ഋഷിരാജ് സിങ് സ്പെഷൽ ബ്രാഞ്ച് സി.ഐ വിജയനെ ചുമതലപ്പെടുത്തി. വിജയെൻറ അന്വേഷണത്തിലാണ് മാലി സ്വദേശിയായ മറിയം റഷീദയുടെ പാസ്പോർട്ടിലെ നിയമലംഘനം കണ്ടെത്തിയത്. ഇതേകുറിച്ചാണ് 1994ൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് അന്വേഷിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
1994ൽ ക്രയോജനിക്കിനെക്കുറിച്ച് അറിയുന്ന ശാസ്ത്രജ്ഞർ ഐ.എസ്.ആർ.ഒയിൽ ഉണ്ടായിരുന്നില്ലെന്നാണ് മുൻ ചെയർമാൻ ജി. മാധവൻനായർ തന്നോട് പറഞ്ഞത്. ഐ.എസ്.ആർ.ഒ ചാരക്കേസ് എങ്ങനെയുണ്ടായി എന്ന് ഇതുവരെ മാധ്യമങ്ങളും അന്വേഷിച്ചിട്ടില്ല. ചാരക്കേസുമായി ബന്ധെപ്പട്ട് കൂടുതൽ വിവരങ്ങൾ പുസ്തകം എഴുതുമ്പോൾ വെളിപ്പെടുത്തും. പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ 95 ശതമാനം തെളിവുകളും കണ്ടെത്തിയത് ആദ്യ അന്വേഷണസംഘമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.