സെ​ൻ​കു​മാറി​െൻറ​ നി​യ​മ​നം: സ​ർ​ക്കാ​ർ​ തീ​രു​മാ​നം നീ​ളു​ന്നു

തിരുവനന്തപുരം: ഡി.ജി.പി ഡോ. ടി.പി. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാനസർക്കാറി‍​െൻറ തീരുമാനം നീളുന്നു. സുപ്രീംകോടതിയിൽ നിന്നുള്ള സർട്ടിഫൈഡ് വിധിപ്പകർപ്പ് ലഭ്യമായശേഷം തുടർനടപടി ആലോചിക്കുമെന്നായിരുന്നു സർക്കാറി‍​െൻറ ആദ്യതീരുമാനം.

ബുധനാഴ്ചയും ഇത്  പൊതുഭരണവകുപ്പിന് കിട്ടിയിട്ടില്ല. ഇൗ സാഹചര്യത്തിൽ വ്യാഴാഴ്ച ഇത് താൻതന്നെ എത്തിക്കുമെന്ന് സെൻകുമാർ പറഞ്ഞു. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ത‍​െൻറ നിയമനഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറിയ കത്തി‍​െൻറ കാര്യത്തിലും തീരുമാനമായിട്ടില്ല. തനിക്ക് ലഭിച്ച കത്ത് നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെങ്കിലും അദ്ദേഹം അത് മാറ്റിവെച്ചതായാണ് വിവരം. സെൻകുമാർവിഷയത്തിൽ സർക്കാർനിലപാട് സംബന്ധിച്ച് ഔദ്യോഗികവിശദീകരണം നൽകാനും അധികൃതർ തയാറായില്ല. 

സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്നുമാത്രമേ കോടതിഉത്തരവിലുള്ളൂവെന്നും എത്രദിവസത്തിനുള്ളിൽ നിയമിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വിധിക്കെതിരെ റിവ്യൂ പോകില്ലെന്നാണ് ആദ്യം ലഭ്യമായ വിവരം. എന്നാൽ, ഇതിൽ പുനരാലോചന നടത്താനും നീക്കങ്ങൾ നടക്കുന്നുണ്ടത്രെ. ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചശേഷമായിരിക്കും തുടർനടപടികളെന്നാണ് സൂചന. കോടതിവിധിയെ മാനിക്കുന്നെന്നും നിയമപോരാട്ടത്തിനില്ലെന്നുമുള്ള സൂചനയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം നൽകിയത്. 

എന്നാൽ, സർക്കാറിനോട് നിയമയുദ്ധം നടത്തിയ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാൻ മുഖ്യമന്ത്രിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം നീളുന്നത്. ബുധനാഴ്ചത്തെ മന്ത്രിസഭയോഗം സെൻകുമാർവിഷയം ചർച്ചചെയ്യുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും വിഷയം പരിഗണനക്ക് വന്നില്ലെന്നാണ് അറിയുന്നത്. അതേസമയം, നിശ്ചിതസമയത്തിനുള്ളിൽ സർക്കാർതീരുമാനം വന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സെൻകുമാർ. സർക്കാർ തീരുമാനം അറിഞ്ഞശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

Tags:    
News Summary - tp senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.