തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരോട് മാന്യമായും അനുകമ്പയോടും പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ. സ്ത്രീകളോടും കുട്ടികളോടും ഏറ്റവും മാന്യമായി പെരുമാറണം. ഇക്കാര്യം ജില്ല പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും സെൻകുമാർ നിർദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ റേഞ്ച് തലത്തിൽ നടത്തിയ യോഗങ്ങളിൽ പൊലീസുകാർ പരാതിക്കാരോടും പൊതുജനങ്ങളോടും സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോഴും ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമല്ലാത്ത പെരുമാറ്റത്തെക്കുറിച്ച് നിരവധി പരാതികളാണ് പൊലീസ് ആസ്ഥാനത്തെത്തുന്നത്.
ഈ സാഹചര്യത്തിൽ, ജില്ല പൊലീസ് മേധാവിമാർ കൂടുതൽ ജാഗ്രത പുലർത്തണം. ചുരുങ്ങിയ കാലത്തിനുള്ളിൽ െപാലീസുകാരുടെ പെരുമാറ്റത്തിൽ ഗുണപരമായ പുരോഗതി കൈവരിക്കാൻ ജില്ല പൊലീസ് മേധാവിമാർക്കാകണം.
മേഖല എ.ഡി.ജി.പിമാരും റേഞ്ച് ഐ.ജിമാരും ഇക്കാര്യം ഉറപ്പാക്കാൻ മേൽനോട്ടം വഹിക്കണം. ജില്ലാതലത്തിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് എല്ലാ വർഷവും അനുമോദനം നൽകുന്ന കാര്യം ജില്ല പൊലീസ് മേധാവിമാർക്ക് പരിഗണിക്കാവുന്നതാണെന്നും സെൻകുമാർ നിർദേശിച്ചു.
സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ല
പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ല. പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് കഴിഞ്ഞദിവസം വാക്കാൽ നിർദേശിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ സെൻകുമാർ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും തിങ്കളാഴ്ച നടപടികളൊന്നുമുണ്ടായില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.