1981ൽ ഇന്ത്യൻ ഇക്കണോമിക് സർവിസിൽ ഒൗദ്യോഗികജീവിതം ആരംഭിച്ച ഇരിങ്ങാലക്കുട സ്വദേശി ടി.പി. സെൻകുമാർ 1983ലാണ് ഇന്ത്യൻ പൊലീസ് സർവിസിലെത്തുന്നത്. തലശ്ശേരി എ.എസ്.പി ആയിട്ടായിരുന്നു തുടക്കം. തുടർന്ന് ആലപ്പുഴ, കൊല്ലം എസ്.പി, കൊച്ചി പൊലീസ് കമീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ക്രൈംബ്രാഞ്ച് ഡി.ഐ.ജി, വിജിലൻസ് ഐ.ജി എന്നീ നിലകളിൽ പ്രവർത്തിച്ച സെൻകുമാർ മികച്ച കുറ്റാന്വേഷകനെന്ന പേരിനുടമയാണ്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ്, ലിസ് തട്ടിപ്പ്, കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് എന്നിവ അദ്ദേഹത്തിെൻറ മേൽനോട്ടത്തിലായിരുന്നു അന്വേഷിച്ചത്.
നിരവധി കേസുകളിൽ കോടതിയുടെ പ്രശംസ ഏറ്റുവാങ്ങാനും സെൻകുമാറിനായി. കോടതി മുറികളിലെത്തുന്ന സാക്ഷികൾക്ക് ഇരിക്കാൻ കസേര നൽകണമെന്ന സുപ്രീംകോടതി വിധി സെൻകുമാറിെൻറ ഇടപെടലിനെ തുടർന്നാണുണ്ടായത്. മനുഷ്യാവകാശ കമീഷൻ അന്വേഷണ ഉദ്യോഗസ്ഥൻ, ട്രാൻസ്പോർട് കമീഷണർ, കെ.എസ്.ആർ.ടി.സി എം.ഡി, കെ.ടി.ഡി.എഫ്.സി എം.ഡി, സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവി, ജയിൽമേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സെൻകുമാർ 2015 മേയിൽ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യൻ വിരമിച്ച ഒഴിവിലാണ് പൊലീസ് മേധാവിയാകുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിർേദശമാണ് അദ്ദേഹം പൊലീസ് മേധാവിയെന്ന നിലയിൽ ആദ്യം പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് പ്രവർത്തനമികവ് മാനദണ്ഡമാക്കണമെന്നതുൾപ്പെടെ നിരവധി നിർേദശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. 2016 മേയ് 25ന് പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ സെൻകുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് 11മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അദ്ദേഹം വീണ്ടും പൊലീസ് മേധാവിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.