തിരുവനന്തപുരം: സംസ്ഥാനത്ത് 16 ഇടത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) 30 കടന്നു. തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര, പാലക്കാട് ജില്ലയിലെ നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം ജില്ലയിലെ തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസർകോട് ജില്ലയിലെ ബേഡഡുക്ക, മധൂര്‍ എന്നീ പ്രദേശങ്ങളിലാണ് ടി.പി.ആർ 30ല്‍ കൂടുതൽ.
ടി.പി.ആര് എട്ടിന് താഴെയുള്ള 178 ഉം എട്ടിനും 20നും ഇടക്കുള്ള 633 ഉം 20നും 30നും ഇടക്കുള്ള 208 ഉം തദ്ദേശസ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പഞ്ചായത്തുകളെ കണ്ടയിൻമെന്‍റ് മേഖലയാക്കി ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ എട്ട് ശതമാനം വരെയാണെങ്കിൽ കുറഞ്ഞ വ്യാപനമെന്നാണ് കണക്കാക്കുക. എട്ട് മുതൽ 20 ശതമാനം വരെ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണ് ടി.പി.ആറെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണമേർപ്പെടുത്തും. 30 ശതമാനത്തിന് മേലെയാണെങ്കിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ
ടി.പി.ആർ 30ന് മുകളിൽ -ട്രിപ്പിൾ ലോക്ഡൗൺ
ടി.പി.ആർ 20നും 30നും ഇടയിൽ - സമ്പൂർണ ലോക്ഡൗൺ
ടി.പി.ആർ എട്ടിനും 20നും ഇടയിൽ -ഭാഗിക ലോക്ഡൗൺ
ടി.പി.ആർ എട്ടിൽ താഴെ -നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.