കൊച്ചി: അമിതവേഗം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ റദ്ദാക്കപ്പെട്ടത് 51,198 പേരുടെ ഡ്രൈവിങ് ലൈസൻസ്. ഇവരിൽ 259 പേർ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരാണ്. 2016 മേയ് മുതൽ 2021 ഏപ്രിൽ വരെയുള്ള ഗതാഗത വകുപ്പിെൻറ കണക്ക് അനുസരിച്ചാണ് ഇത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവക്കാണ് കൂടുതൽ പേരുടെയും ലൈസൻസ് റദ്ദാക്കപ്പെട്ടത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവർ, സിഗ്നൽ തെറ്റിച്ച് വാഹനം ഓടിച്ചവർ, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവർ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചവർ, ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റിയവർ തുടങ്ങിയവരും ഡ്രൈവിങ് ലൈസൻസ് നഷ്ടമായവരിൽ ഉൾപ്പെടുന്നു.
2016ൽ 11,853 പേരുടെ ലൈസൻസ് റദ്ദാക്കപ്പെട്ടപ്പോൾ 60 പേർ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരായിരുന്നു. 2017ൽ 13,827 പേർ, 2018ൽ 14,863, 2019ൽ 8775 എന്നിങ്ങനെയാണ് കേരളത്തിൽ ലൈസൻസ് റദ്ദാക്കപ്പെട്ടവർ. ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തിൽ കുറവായിരുന്ന 2020ൽ 883 പേർക്കും നിയമനടപടിയിലൂടെ ലൈസൻസ് പോയി. 2021ൽ നാല് മാസത്തിനുള്ളിൽ തന്നെ 997 പേർക്കും ഇതേ നടപടി നേരിടേണ്ടിവന്നു. 2017ൽ 70 പേർക്കും തുടർന്നുള്ള വർഷങ്ങളിൽ 75, 50 എന്നിങ്ങനെയും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദായപ്പോൾ 2020ൽ ആർക്കും നടപടി നേരിടേണ്ടി വന്നില്ല.
ഇത്തവണ നാല് മാസത്തിനിടെ നാലുപേരുടെ ലൈസൻസാണ് റദ്ദാക്കിയത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ ശക്തമായ ഇടപെടൽ നടത്തിവരികയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. അപകടങ്ങൾ വർധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇടപെടൽ. 2016 മുതൽ 2021 ജൂലൈ വരെ കേരളത്തിലെ നിരത്തുകളിൽ 2,05,512 അപകടങ്ങളിലായി 22,076 പേർക്കാണ് ജീവൻ നഷ്ടമാകുകയും 2,29,229 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.