ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ എലത്തൂർ സംഭവത്തിൽ പൊലീസ് പിടിയിലായ ഷാറൂഖ് സെയ്ഫിയുടെ പിതാവിനെയും അടുത്ത ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണം ഡൽഹി പൊലീസ് തുടരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടു പേരിൽ ഏതാനും പേരെ ശാഹീൻബാഗ് പൊലീസ് സ്റ്റേഷനിലും അജ്ഞാത കേന്ദ്രങ്ങളിലുമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ശാഹീൻബാഗിലെ 22-ാം നമ്പർ ഗലിയിലുള്ള നാലു നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ മൂന്നു മുറി ഫ്ലാറ്റിലാണ് ഷാറൂഖിന്‍റെ കുടുംബം താമസിക്കുന്നത്. പിതാവ് ഫക്രുദ്ദീൻ, മാതാവ് ജമീല, രണ്ട് ഇളയ സഹോദരന്മാർ, ഫക്രുദ്ദീന്‍റെ മാതാവ് എന്നിവർ ഉൾപ്പെട്ടതാണ് കുടുംബം. ഫ്ലാറ്റിൽ സ്ത്രീകൾ മാത്രമാണുള്ളത്. പൊലീസ് വിന്യാസം കുറച്ചതിനാൽ വീട്ടു പരിസരം തിരക്കൊഴിഞ്ഞ നിലയിൽ. ഷാറൂഖ് മരപ്പണി നടത്തിയിരുന്ന നോയ്ഡയിലെ കടയിൽ നിന്ന് അയാൾ എഴുതിയ പരസ്പര ബന്ധമില്ലാത്ത വിചിത്രമായ കുറിപ്പുകൾ ഇതിനിടെ കണ്ടെടുത്തിട്ടുണ്ട്. ഇതും പൊലീസ് പരിശോധിക്കും.
ഡൽഹിയിലെത്തിയ കേരള പൊലീസ് ഡൽഹി പൊലീസുമായി ചേർന്ന് ഷാറൂഖ് സെയ്ഫിയുടെ കഴിഞ്ഞ ആറു മാസത്തെ നീക്കങ്ങൾ അന്വേഷിക്കുന്നുണ്ട്.
ഫ്ലാറ്റിനു ചുറ്റുവട്ടത്തെ മൂന്നു സി.സി.ടി.വി കാമറകൾ, മൊബൈൽ ഫോൺ വിളികളുടെ രേഖകൾ തുടങ്ങിയവ പരിശോധിച്ചു വരുന്നു. പിതാവ് അടക്കം ഇതിനകം എട്ടു പേരെയാണ് അന്വേഷണത്തിനായി പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.