തിരുവനന്തപുരം: സമയംവൈകലും അശാസ്ത്രീയ സമയപ്പട്ടികയുമടക്കം യാത്രക്കാരെ പൊറുതിമുട്ടിച്ചുള്ള റെയിൽവേയുടെ തലതിരിഞ്ഞ ക്രമീകരണങ്ങൾക്കിടെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആര്.കെ. കുല്‍ശ്രേഷ്ഠയും എം.പിമാരുമായുള്ള യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോഗമെങ്കിലും കേരളത്തിലെ ദുസ്സഹമായ ട്രെയിൻയാത്രയും പരിഗണിക്കും. തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളുടെ മേധാവിമാര്‍, വിവിധ റെയില്‍വേ വിഭാഗങ്ങളുടെ തലവന്മാര് എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് റെയിൽമേഖല നേരിടുന്ന പ്രതിസന്ധികൾ ചുവടെ.
തിരുവനന്തപുരം ഡിവിഷൻ വിഭജനം
തിരുവനന്തപുരം ഡിവിഷൻ വിഭജിക്കില്ലെന്ന് വ്യക്തമാക്കുേമ്പാഴും അണിയറയിൽ ശ്രമം തകൃതിയാണ്. ഡിവിഷെൻറ നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ പാതയാണ് മധുര ഡിവിഷന് കീഴിലാക്കാന്‍ ശ്രമം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന എക്സ്പ്രസ് ട്രെയിനുകൾ തിരുനെൽവേലിയിൽ നിന്ന് ആരംഭിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ഇഴഞ്ഞ് നീങ്ങുന്ന ഇരട്ടിപ്പിക്കൽ
കോട്ടയം വഴിയുള്ള ട്രെയിൻയാത്രദുരിതത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പാതകളുടെ പരിമിതിയാണ്. പാത ഇരട്ടിപ്പിക്കൽ പലവിധ കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുകയാണ്. മൂന്ന് വർഷമായി ബജറ്റിൽ നാമമാത്രവിഹിതമാണ് നീക്കിവെക്കുന്നത്.
റദ്ദാക്കലുകൾക്ക് അറുതിയുണ്ടാകുമോ
അറ്റകുറ്റപ്പണികളുടെ പേരിൽ ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ട്രെയിനുകളെങ്കിലും റദ്ദാക്കുന്നുണ്ട്. ഗുരുവായൂര്‍-തൃശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെക്ഷനുകളിലെ പാസഞ്ചറുകളാണ് ഏറെയും റദ്ദാക്കുന്നത്. തിരുവനന്തപുരം-പാലക്കാട് ഡിവിഷനുകളിലായി 15 ശതമാനം ലോക്കോ പൈലറ്റുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നെന്നാണ് കണക്ക്. ഇവ നികത്തുന്നതിന് പകരം ട്രെയിനുകൾ റദ്ദാക്കുകയാണ് പുതിയ രീതി.
വൈകലും ക്ഷമ പരീക്ഷിക്കുന്ന പിടിച്ചിടലും
പുലർച്ച നാലിന് കോട്ടയത്തുനിന്ന് കയറുന്നവർക്ക് രാവിലെ 10ന് പോലും തിരുവനന്തപുരത്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. രാവിലെ 9.50ന് എത്തേണ്ട ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി 10.15 നാണ് എത്തുന്നത്. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് 10.25നും.
സംയുക്ത സംരംഭം കടലാസിൽ
റെയില്‍വേ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് കേരളവും റെയിൽവേയും തമ്മിൽ സംയുക്ത സംരംഭത്തിന് കരാർ ഒപ്പിെട്ടങ്കിലും നടപടി കടലാസിൽ തന്നെയാണ്. തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ സര്‍വിസ്, അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, ഗുരുവായൂര്‍-തിരുനാവായ, കൊച്ചി-മധുര, തലശ്ശേരി-മൈസൂരു റെയില്‍പാതകള്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റെയില്‍ കണ്ടെയ്നര്‍ ട്രാക്ക്, പാലക്കാട് റെയിൽ കോച്ച് ഫാക്ടറിയുടെ നിര്‍മാണം തുടങ്ങി എട്ട് സംയുക്ത സംരംഭങ്ങളാണ് കരാറിലുള്ളത്. ചർച്ചകളും കൂടിക്കാഴ്ചകളുമല്ലാതെ പ്രാേയാഗികതലത്തിൽ ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.