കോഴിക്കോട്: റെയിൽവേ ടിക്കറ്റ് ബുക്കിങ് കൗണ്ടർ മെഡി. കോളജിൽതന്നെ നിലനിർത്തുന്നതിന് സ്ഥലം അനുവദിക്കാമെന്ന സൂപ്രണ്ടിന്റെ കത്ത് റെയിൽവേ തള്ളി. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗണ്ടർ ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ച സാഹചര്യത്തിലാണ് മെഡി. കോളജ് സൂപ്രണ്ട് അധികൃതർക്ക് കത്തെഴുതിയത്. ഇ-ടിക്കറ്റിങ് ജനകീയമായ സാഹചര്യത്തിൽ റിസർവേഷൻ കൗണ്ടർ വഴിയുള്ള ടിക്കറ്റിങ് 15 ശതമാനത്തിൽ കുറഞ്ഞാൽ റെയിൽവേ സ്റ്റേഷന് പുറത്ത് കൗണ്ടർ അനുവദിക്കാനാവില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇതിന് ആവശ്യമായ ജീവനക്കാരെയും മറ്റ് ചെലവുകളും വഹിക്കാനാവില്ല. ഐ.ആർ.ടി.സി ഏജന്റുമാരെയോ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേയോ കൗണ്ടറിനെ ആശ്രയിക്കണമെന്നാണ് റെയിൽവേയുടെ മറുപടി.
ആറ് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന മെഡി. കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളും പരിസരത്തെ പഞ്ചായത്ത് നിവാസികളും ആശ്രയിച്ച റെയിൽവേ റിസർവേഷൻ കൗണ്ടർ സ്വകാര്യ ഹോട്ടൽ കെട്ടിടത്തിലാണ് പ്രവർത്തിച്ചത്. പാവപ്പെട്ട രോഗികൾക്ക് ഇ-ടിക്കറ്റിങ് സംവിധാനം ആശ്രയിക്കാൻ സാധ്യമല്ല. 10 കിലോമീറ്റർ അകലെ നഗരതിരക്കുകൾ കടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റെയിൽവേ റിസർവേഷൻ കൗണ്ടറിൽ പോകലും അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ റെയിൽവേ ടിക്കറ്റ് ബുക്കിങ് കൗണ്ടർ മെഡി. കോളജിൽതന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ബഹുജന ധർണകളും പൊതുയോഗങ്ങളും നടന്നിരുന്നു. അർബുദം, കിഡ്നി രോഗചികിത്സക്ക് ഉൾപ്പെടെ ഇതരജില്ലകളിൽനിന്ന് നൂറുകണക്കിന് രോഗികളാണ് മെഡി. കോളജിൽ ചികിത്സതേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.