കോഴിക്കോട്: സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ട്രെയിൻ ടിക്കറ്റ് നൽകി യാത്രക്കാരെ വലച്ചത് പ്രതിഷേധാർഹമെന്ന് കേരള വിദ്യാർഥി ജനത. ചൊവ്വാഴ്ച രാത്രി കോഴിക്കോട് സ്റ്റേഷനിൽ നിന്നും നാദാപുരം റോഡിലേക്ക് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ടിക്കറ്റ് റെയിൽവേ അധികൃതർ നൽകിയത്. കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ യാത്രക്കാരാണ് റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്നും കബളിക്കപ്പെട്ടത്. കോവിഡ് കാലത്തിനു ശേഷം സ്റ്റോപ്പ് അനുവദിച്ചുവെങ്കിലും ട്രെയിൻ നാദാപുരം റോഡിൽ നിർത്താൻ തുടങ്ങിയിരുന്നില്ല. ഇതറിയാതെയാണ് യാത്രക്കാർ വടകരയിലേക്ക് എടുക്കുന്നതിനു പകരം നാദാപുരം റോഡിലേക്ക് ടിക്കറ്റ് എടുത്തത്.
സംശയ നിവാരണത്തിനായി മറ്റുള്ള യാത്രക്കാരെ ബന്ധപ്പെടുകയും സത്യാവസ്ഥ മനസിലാക്കി വടകര തന്നെ ഇറങ്ങുകയും ചെയ്തത് കൊണ്ടാണ് വലിയൊരു ബുദ്ധിമുട്ട് ഒഴിവായത്. അല്ലാത്തപക്ഷം മാഹിയിൽ ഇറങ്ങുവാനെ യാത്രക്കാർക്ക് സാധിക്കുകയുള്ളൂ. മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. രാത്രി സമയങ്ങളിൽ വാഹന സൗകര്യവും കുറവാണ്.
വൈകീട്ട് 6:32ന് കോഴിക്കോട് എത്തേണ്ട ട്രെയിൻ വൈകിയെത്തിയത് 7:17ന് ആയിരുന്നു. ട്രെയിൻ നമ്പർ 16608 ഫാസ്റ്റ് പാസഞ്ചറിലെ യാത്രക്കാരായിരുന്നു സംഭവം പുറത്തുവിട്ടത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഇത്തരം പിഴവുകൾ ഉണ്ടാകുന്നത് നിരുത്തരവാദിത്തമാണെന്ന് സംഭവത്തിൽ പ്രതിഷേധിച്ച കേരള വിദ്യാർഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ്.വി ഹരിദേവ്, ജില്ലാ കമ്മിറ്റി അംഗം രാഹുൽ ബാലിയിൽ വരിക്കോളി എന്നിവർ വ്യക്തമാക്കി. വടകര റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.