തൃശൂർ: കോവിഡിനുശേഷം ഗതാഗതം പുനരാരംഭിച്ചപ്പോൾ വിപുല സൗകര്യങ്ങളുമായി 'യു.ടി.എസ് ഓൺ മൊബൈൽ' ടിക്കറ്റിങ് ആപ് റെയിൽവേ പരിഷ്കരിച്ചു. റിസർവേഷൻ ഇല്ലാത്ത സാധാരണ യാത്രടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസൺ ടിക്കറ്റും ഇതിലൂടെ സ്വയം എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേർന്നുവരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിലെ വലിയ വരികൾ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ആപ് സഹായിക്കും.
തീവണ്ടിപ്പാതയിൽനിന്ന് 20 മീറ്റർ ദൂരത്തിനകം വന്നാൽ ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സാധാരണക്കാരനെ അലട്ടിയിരുന്ന പ്രശ്നം. തന്മൂലം സ്റ്റേഷനിൽ എത്തിയ ശേഷം ആപ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ പറ്റിയിരുന്നില്ല.
ഇതിനുള്ള പരിഹാരമാണ് അവസാനമായി റെയിൽവേ കൊണ്ടുവന്നത്. സ്റ്റേഷനുകളിൽ പതിച്ച ക്യു.ആർ കോഡ് ആപ്പിലൂടെ സ്കാൻ ചെയ്താൽ പ്രസ്തുത സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റ് പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിന് മുമ്പ് എടുക്കാനാവും. കോവിഡിനുമുമ്പ് ഈ ദിശയിലുള്ള പരീക്ഷണങ്ങൾ നടന്നിരുന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. അതാണിപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്.
സ്റ്റേഷനിൽ എത്തിയ ശേഷം ടിക്കറ്റെടുക്കാൻ ആപ്പിലുള്ള 'ക്യു.ആർ ബുക്കിങ്' എന്ന ഓപ്ഷൻ ഉപയോഗിക്കണം. തുടർന്ന് യാത്രടിക്കറ്റാണോ പ്ലാറ്റ്ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തിരഞ്ഞെടുക്കണം. സ്റ്റേഷനിൽ പതിച്ച ക്യു.ആർ കോഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യണം. അപ്പോൾ ആപ്പിന്റെ ജിയോ ഫെൻസിങ് ഭേദിച്ച് യാത്രികന് ആ സ്റ്റേഷന്റെ പേര് കിട്ടും. തുടർന്ന് പഴയപോലെ ടിക്കറ്റ് എടുക്കാം.
ഈ ആപ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർ പരിശോധനസമയത്ത് മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മതി. അതിന് നെറ്റ് കണക്ഷൻ ആവശ്യമില്ല. പേപ്പർ ടിക്കറ്റ് വേണമെന്നുള്ളവർക്ക് ടിക്കറ്റിന്റെ നമ്പർ നൽകി സ്റ്റേഷനിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽനിന്ന് ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്തെടുക്കാം. ആപ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റുകൾ എടുക്കാനാകില്ല. സീസൺ ടിക്കറ്റ് എടുക്കുമ്പോൾ പിറ്റേന്നത്തെ യാത്ര മുതലാണ് അനുവദനീയം.
യഥാർഥ ടിക്കറ്റ് നിരക്ക് മാത്രം നൽകിയാൽ മതി. ആപ്പിലുള്ള റെയിൽ വാലറ്റിൽ മുൻകൂർ പണം നിക്ഷേപിച്ചോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ, പേമെന്റ് വാലറ്റുകൾ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടക്കാം. റെയിൽ വാലറ്റിൽ നിക്ഷേപിക്കുന്ന മുൻകൂർ തുകക്ക് നിലവിൽ മൂന്ന് ശതമാനം ബോണസ് നൽകുന്നുണ്ട്.
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ച് നിരന്തരം നവീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.