ട്രെയിന്‍ സമയം: സ്വകാര്യ ആപ്പുകൾ മാത്രം ആശ്രയിക്കരുതെന്ന്​ റെയില്‍വേ

കൊച്ചി: ട്രെയിന്‍ സമയം അറിയാൻ സ്വകാര്യ ആപ് മാത്രം ആശ്രയിക്കരുതെന്ന്​ റെയില്‍വേ. തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ എന്‍.ടി.ഇ.എസിൽ (നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) മാത്രമേ ശരിയായ വിവരം അറിയൂ എന്ന്​ റെയില്‍വേ പറയുന്നു​.

നവംബര്‍ ഒന്നിന്​ നിലവില്‍വന്ന കൊങ്കണ്‍ സമയമാറ്റം അടക്കം പല പരിഷ്​കാരങ്ങളും സ്വകാര്യ ആപ്ലിക്കേഷനുകൾ അറിയാതെപോയത്​ യാത്രക്കാരെ വലച്ചതാണ്​ റെയിൽവേ ഇത്തരമൊരു വിശദീകരണവുമായി രംഗത്തുവരാൻ കാരണം. സമയമാറ്റം അറിയാതെ ട്രെയിന്‍ കയറാനെത്തിയവർ പരാതിയുമായി സമീപിച്ചതോടെയാണ് റെയില്‍വേയുടെ വിശദീകരണം.

ഒക്​ടോബർ ആദ്യവും ഇത്തരത്തിൽ ട്രെയിൻ സമയം മാറ്റിയത്​ സ്വകാര്യ ആപ്പുകൾ അറിഞ്ഞത്​ ഏറെ വൈകിയാണ്​. എന്‍.ടി.ഇ.എസ് മാത്രമാണ് റെയില്‍വേ ആപ്ലിക്കേഷനെന്നാണ്​ റെയില്‍വേ വിശദീകരിക്കുന്നത്​.

സമയം കൃത്യമായി അറിയാന്‍ തീവണ്ടികളുടെ എന്‍ജിന്​ മുകളില്‍ ആര്‍.ടി.ഐ.എസ് (റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംവിധാനമുണ്ട്. ഇതാണ് എന്‍.ടി.ഇ.എസ് പിന്തുടരുന്നത്. അതേസമയം, ജി.പി.എസിനെ ആശ്രയിച്ചാണ് സ്വകാര്യ ആപ്പുകളുടെ പ്രവര്‍ത്തനം.

ട്രെയിന്‍ സമയത്തില്‍വരുന്ന മാറ്റങ്ങൾ പലപ്പോഴും സ്വകാര്യ ആപ്പുകളില്‍ വൈകിയാണ് അപ്‌ഡേറ്റ്​ ചെയ്യാറ്. അതേസമയം, വേഗത്തിൽ കാര്യങ്ങളറിയാമെന്നതാണ് സ്വകാര്യ ആപ്ലിക്കേഷനുകൾ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്​. എന്‍.ടി.ഇ.എസ് പലപ്പോഴും ഹാങ്ങാവുകയും ചെയ്യും.

കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ അല്ലാത്ത സമയത്തെ സമയമാറ്റം നവംബര്‍ ഒന്നുമുതലാണ് നിലവില്‍വന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31വരെയാണ് കൊങ്കണില്‍ മണ്‍സൂണ്‍ സമയക്രമമുള്ളത്. 25ലേറെ ട്രെയിനുകളെ ഈ സമയമാറ്റം ബാധിക്കുന്നുണ്ട്. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്(12617) നേരത്തേ രാവിലെ 10.10ന് പുറപ്പെട്ടിരുന്നത്​ നവംബര്‍ ഒന്ന് മുതല്‍ ഉച്ചക്ക് 1.25നാണ് പുറപ്പെടുന്നത്.

നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ് (12618) രണ്ട് മണിക്കൂര്‍ നേരത്തെയാക്കി. 10.30ന് മംഗളൂരുവില്‍നിന്ന്​ പുറപ്പെടുന്ന ട്രെയിന്‍ എറണാകുളത്ത് രാവിലെ 7.30ന്​ എത്തിച്ചേരും. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്(16345) തിരുവനന്തപുരത്ത് വൈകീട്ട് 06.05നാണ് എത്തിച്ചേരുക. എറണാകുളം-പട്‌ന(22643) വൈകീട്ട് 05.20ന് പുറപ്പെടും. വേണാട്​ എക്സ്​പ്രസ്​, പാലക്കാട്​- തിരുനൽവേലി പാലരുവി എക്സ്​പ്രസ്​ എന്നിവ ഒക്​ടോബറിൽ സമയം പുനഃക്രമീകരിച്ചത്​ രണ്ടാഴ്​ച കഴിഞ്ഞാണ്​ സ്വകാര്യ ആപ്പുകൾ അപ്​ഡേറ്റ്​ ചെയ്തത്​.

Tags:    
News Summary - Train Timing: Railways not to rely only on private apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.