തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റക്കാർക്കെതിരെ കർശന നടപടിയെടുത്ത റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. സ്ഥലംമാറ്റിയ കലക്ടറുടെ ഉത്തരവാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ മരവിപ്പിച്ചത്. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ പദവിയിൽനിന്ന് മാറ്റിയതിനുശേഷവും കൈയേറ്റക്കാർക്കെതിരെ കർശന നടപടിയെടുത്ത റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിറക്കിയിരുന്നു. സംഭവം വിവാദമായതോടെയാണ് റവന്യൂ മന്ത്രി ഇടപെട്ട് നടപടി മരവിപ്പിച്ചത്.
കൈയേറ്റമൊഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയ സർവേ സൂപ്രണ്ട് ഉൾപ്പെടെ നാലുപേരെയാണ് ഒറ്റദിവസംകൊണ്ട് സ്ഥലം മാറ്റിയത്. സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ സ്ക്വാഡിലെ അംഗങ്ങളായിരുന്നു ഇവർ. മൂന്നാർ മേഖലയിൽ കൈയേറ്റമൊഴിപ്പിക്കലിനും കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനും നിയോഗിക്കപ്പെട്ട ഹെഡ് ക്ലർക്ക് പി. ബാലചന്ദ്രൻപിള്ള, ക്ലർക്കുമാരായ പി.കെ. ഷിജു, പി.കെ സോമൻ, ആർ.കെ. സിജു എന്നിവരെയാണ് സ്ഥലം മാറ്റാൻ തീരുമാനിച്ചത്. ബാലചന്ദ്രൻപിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫിസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കും ആർ.കെ. സിജുവിനെ നെടുങ്കണ്ടം സർവേ സൂപ്രണ്ട് ഓഫിസിലേക്കും സ്ഥലം മാറ്റിയാണ് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.