കൊച്ചി: ദയ ഗായത്രിക്കും തീർഥക്കും പ്രവീൺ നാഥിനും ഇത് അഭിമാനനിമിഷമാണ്. വെള്ളിയാഴ്ച മുതൽ അവർ ‘അവരായി’ മഹാരാജാസ് കാമ്പസിലെത്തും. കേരളത്തിലെ സർവകലാശാലകളിലും ആർട്സ് ആൻഡ് സയൻസ് കോളജുകളിലും എല്ലാ കോഴ്സിലും ട്രാൻസ്ജെൻഡർ അപേക്ഷകർക്കായി രണ്ട് സീറ്റ് സംവരണം ചെയ്തത് ഇൗ വർഷമാണ്. അതിനുശേഷം കേരളത്തിൽ പ്രവേശനം നേടുന്ന ട്രാൻസ്ജെൻഡർ വിഭാഗക്കാരാണ് ഇവർ. ദയയും തീർഥയും ബുധനാഴ്ച പ്രവേശനം നേടി. പ്രവീൺ വ്യാഴാഴ്ച എത്തും. തീർഥയും പ്രവീണും ബി.എ ഇംഗ്ലീഷിനും ദയ ബി.എ മലയാളത്തിനുമാണ് ചേർന്നത്.
മഹാരാജാസിലേക്ക് ദയയുടെ രണ്ടാംവരവാണ്. സ്ത്രീയാകുന്നതിന് മുമ്പ് 2013-16 ബാച്ചിൽ ബി.എ ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കി. അക്കാലയളവിൽ സ്വത്വ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. വ്യക്തിത്വം രേഖപ്പെടുത്തിയശേഷം കോളജിൽ അഭിമാനത്തോടെ പഠിക്കുമെന്ന് അന്നേ തീരുമാനിച്ചിരുന്നു. സ്വപ്നം സഫലമാകുന്നതിൽ സന്തോഷമുണ്ടെന്ന് ദയ പറഞ്ഞു. എൻജിനീയറിങ് ബിരുദധാരിയാണ് തീർഥ. കൊച്ചി മെട്രോയിൽ സി.എഫ്.എ തസ്തികയില്‍ കുറച്ചുകാലം ജോലിയും ചെയ്തു. പാലക്കാട് നെന്മാറ എന്‍.എസ്.എസ് കോളജില്‍ ചരിത്രത്തിന് പഠിക്കുമ്പോഴാണ് താൻ ട്രാൻസ്മെൻ ആണെന്ന് പ്രവീൺ വെളിപ്പെടുത്തുന്നത്. ഇതോടെ കോളജിൽ പ്രശ്നങ്ങളായി. ഹാജരില്ലെന്ന കാരണത്താൽ പരീക്ഷ എഴുതാനും സാധിച്ചില്ല. രണ്ടാം വർഷത്തോടെ കോഴ്സ് ഉപേക്ഷിക്കേണ്ടിവന്നു.
മൂവരും മൂന്നുതവണ കോളജിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ, അലോട്ട്മെൻറിൽ പേരുണ്ടായില്ല. തുടർന്നാണ് സാമൂഹിക നീതിവകുപ്പ്, ട്രാൻസ്ജെൻഡർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ സർക്കാർ ട്രാൻസ്െജൻഡർമാർക്ക് സംവരണം ഏർപ്പെടുത്തി ഉത്തരവിട്ടു. ചരിത്രപരമായ മാറ്റത്തിന് വഴിതുറക്കാനായതിൽ സന്തോഷമുണ്ടെന്ന് മൂവരും പറയുന്നു. അധ്യാപകരുടെയും മറ്റ് വിദ്യാർഥികളുടെയും പിന്തുണ ഉണ്ടായാൽ മാത്രമേ പഠനം മുന്നോട്ട് കൊണ്ടുപോകാനാകൂ. ആ വിശ്വാസത്തിലാണ് വെള്ളിയാഴ്ച മുതൽ കോളജിലേക്ക് പോകുന്നതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.