തൃശൂർ: ട്രാൻസ്ജെൻഡർ വിവാഹ രജിസ്ട്രഷൻ അനുവദിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ അടിമുടി അവ്യക്തത.കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലും വധൂവരന്മാരുടെ ജെൻഡർ (ലിംഗ) പരാമർശം ഇല്ലാത്തതിനാൽ ട്രാൻസ്ജെൻഡറുകളായ രണ്ടുപേരുടെ അപേക്ഷ അംഗീകരിച്ച് രജിസ്റ്റർ ചെയ്തുനൽകാനായിരുന്നു നീലേശ്വരം നഗരസഭ രജിസ്ട്രാർക്ക് പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ നൽകിയ നിർദേശം. ഈ നിർദേശം ട്രാൻസ്ജെൻഡറുകളുടെ വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് സ്പഷ്ടീകരണമായി വിലയിരുത്തി പൊതു ഉത്തരവായി ഇറങ്ങുകയും ചെയ്തു.
1955ലെ ഹിന്ദുവിവാഹ നിയമത്തിലോ കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജ് (പൊതു) ചട്ടങ്ങളിലോ ട്രാൻസ്ജെൻഡറുകളുടെ വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളില്ലെന്നും വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂർത്തിയാക്കണം എന്നത് മാത്രമാണ് പരാമർശമെന്നും ഉത്തരവ് വിശദീകരിക്കുന്നു.
ആധാർ, വിവാഹം നടന്ന സ്ഥലം, മറ്റ് സാക്ഷ്യങ്ങൾ ഉൾപ്പെടെ രേഖകൾ അല്ലെങ്കിൽ സത്യവാങ്മൂലം എന്നിവ സമർപ്പിച്ചാലാണ് സാധാരണ വിവാഹ രജിസ്ട്രേഷൻ നടത്താറ്. ആധാറിൽ ‘ട്രാൻസ്ജെൻഡർ’ കാണുമ്പോൾ നിരസിക്കുകയാണ് പതിവ്. ഇതിനാൽ പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും നടന്നത് മുൻ ജെൻഡർ ആധാറുകൾ ഉപയോഗിച്ചാണ്.
ഇപ്പോൾ നീലേശ്വരത്തെ വിവാഹ രജിസ്ട്രേഷൻ പൊതു ഉത്തരവായി പരിഗണിക്കുന്നത് നല്ല കാര്യമെന്ന് സമ്മതിക്കുമ്പോൾ തന്നെ ഒട്ടനേകം ആശങ്കകളാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ ഉയർത്തുന്നത്. ഉത്തരവിൽ കൂടുതൽ വ്യക്തത വേണമെന്നും ട്രാൻസ്ജെൻഡർ സ്വത്വങ്ങളെ ഉൾകൊണ്ടുള്ള നിയമ നിർമാണമാണ് ആവശ്യമെന്നും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളായ ശ്യാമ എസ്. പ്രഭ, സൂര്യ ഇഷാൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.