തിരുവനന്തപുരം: ഒറ്റപ്പെടുത്തലിൽ കൈവിട്ടുപോയ പഠനമോഹങ്ങൾ തിരികെപ്പിടിച്ച അവർ പരീക്ഷച്ചൂടിൽ. സംസ്ഥാനത്ത് ആദ്യമായി സാക്ഷരത മിഷൻ ട്രാൻസ്ജെൻഡറുകളുടെ തുടർപഠനത്തിനായി ആവിഷ്കരിച്ച ‘സമന്വയ’ പദ്ധതിയിലെ പഠിതാക്കളാണ് 10ാംതരം തുല്യത പരീക്ഷക്കിരിക്കുന്നത്.
സാക്ഷരത മിഷൻ ഡയറക്ടർ പരീക്ഷ ഹാളിൽ അവരെ കാണാനെത്തിയപ്പോൾ പലർക്കും സന്തോഷം അടക്കാനായില്ല. ജില്ലയിൽ സാക്ഷരത മിഷെൻറ 10ാംതരം പരീക്ഷ നടക്കുന്ന കരമന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സന്ദർശനത്തിനെത്തിയത്. ‘ഒറ്റപ്പെടുത്തലിൽനിന്ന് ബന്ധുക്കളും പൊതുസമൂഹവും മാറിവരുന്നു.
എല്ലാത്തിനും കാരണം ടീച്ചറാണ്. ഞങ്ങൾക്കുമുണ്ട് ചെറിയ ആഗ്രഹങ്ങളും മോഹങ്ങളും, ഒപ്പം ജീവിതവും. ഇപ്പോൾ പൊതു സമൂഹത്തിൽ ഞങ്ങൾക്കുമൊരിടം ഉണ്ടായിരിക്കുന്നു. ചെറുതിലേ തന്നെ എനിക്ക് പഠിക്കാൻ വലിയ താൽപര്യമായിരുന്നു ടീച്ചറേ..., ആദ്യമൊക്കെ സഹപാഠികൾ പരിഹസിക്കുമ്പോൾ കാര്യമാക്കിയില്ല. ഹൈസ്കൂളൊക്കെ എത്തിയപ്പോൾ തിരിച്ചറിവിെൻറ പ്രായമായി. പിന്നെ, ബന്ധുക്കളും കുത്തുവാക്കുകൾ കൊണ്ട് പൊതിഞ്ഞു.
അധ്യാപകർ കൂടി ഒറ്റപ്പെടുത്തിയതോടെ പിടിച്ചുനിൽക്കാനായില്ല’ ഒമ്പതാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന 36കാരി അസ്മക്ക് സന്തോഷാതിരേകത്തിൽ പലപ്പോഴും ഡയറക്ടർക്ക് മുന്നിൽ കണ്ഠമിടറി. ‘സമന്വയ ’ തുടർവിദ്യാഭ്യാസ പദ്ധതിയിൽ മൊത്തം ആറു ട്രാൻസ്ജെൻഡറുകളാണ് ഈ സ്കൂളിൽ പരീക്ഷ എഴുതുന്നത്. സൂര്യ, അസ്മ, സക്കീന, അപൂർവ, നിയാകുക്കു, സുകന്യ കൃഷ്ണ എന്നിവരാണിവർ.
സംസ്ഥാനത്ത് 25 ട്രാൻസ്ജെൻഡറുകളാണ് 10ാംതരം തുല്യത പരീക്ഷയെഴുതുന്നത്. കൊല്ലത്താണ് ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡർ പഠിതാക്കൾ പരീക്ഷയെഴുതുന്നത് -ഒമ്പത്. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി രണ്ടുപേർ വീതം പരീക്ഷയെഴുതുന്നു.
പത്തനംതിട്ട, ഇടുക്കി, കാസർകോട്, തൃശൂർ ജില്ലകളിൽ പരീക്ഷയെഴുതാൻ ഒരാൾ വീതം ഉണ്ട്. സമന്വയ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്ത് 145 ട്രാൻസ്ജെൻഡറുകളാണ് സാക്ഷരത മിഷെൻറ നാല്, ഏഴ്, 10, ഹയർസെക്കൻഡറി തുല്യതാ വിഭാഗങ്ങളിലായി പഠനം നടത്തുന്നത്. വ്യാഴാഴ്ച ആരംഭിച്ച 10ാംതരം തുല്യത പരീക്ഷ 28ന് അവസാനിക്കും. സംസ്ഥാനത്ത് മൊത്തം 17,242 പേരാണ് ഇൗ പരീക്ഷയെഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.