തിരുവനന്തപുരം: അട്ടിമറി നീക്കത്തെ തുടർന്ന് അപ്രത്യക്ഷമായ മോട്ടോർ വാഹനവകുപ്പിലെ ആധാർ അധിഷ്ഠിത സേവന സൗകര്യം ഗതാഗത കമീഷണറേറ്റിന്റെ ഇടപെടലിനെ തുടർന്ന് പുനഃസ്ഥാപിച്ചു. ഒരാഴ്ചയായി ഒഴിവാക്കിരുന്ന സംവിധാനം വ്യാഴാഴ്ച വൈകീട്ടോടെയാണ് വെബ്സൈറ്റിൽ തിരികെയെത്തിയത്.
നവീകരണത്തിന്റെ ഭാഗമായി ആധാർ പോർട്ടലിലെ ഇ-കെ.വൈ.സി സംവിധാനം പ്രവർത്തിക്കാത്തതാണ് മോട്ടോർ വാഹനവകുപ്പ് സേവനങ്ങളെയും ബാധിച്ചതെന്നാണ് അധികൃതർ ആദ്യം വിശദീകരിച്ചിരുന്നത്. എന്നാൽ, ആധാർ നമ്പർ ടൈപ് ചെയ്യാനുള്ള കോളം തന്നെ വൈബ്സൈറ്റിൽനിന്ന് നീക്കം ചെയ്തതോടെ സംശയം ശക്തിപ്പെട്ടു.
സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിശദപരിശോധനക്ക് ഗതാഗത കമീഷണറേറ്റിലെ സ്മാർട്ട് സപ്പോർട്ട് സെല്ലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. അപേക്ഷകൾ ഓൺലൈനിൽ നൽകിയാലും രേഖകൾ പ്രിന്റെടുത്ത് ഓഫിസിലെത്തിക്കുന്ന രീതി അവസാനിപ്പിച്ചാണ് കഴിഞ്ഞ ഡിസംബർ 24 മുതൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തലടക്കം ഏഴ് സേവനങ്ങൾ ആധാർ അധിഷ്ഠിതമാക്കിയത്. ഇടനിലക്കാർക്ക് മാത്രമല്ല, കൈമടക്ക് വാങ്ങുന്ന ഉദ്യോഗസ്ഥർക്കും ഇത് വലിയ വെല്ലുവിളിയായിരുന്നു.
അതിനാൽ തുടക്കത്തിൽ തന്നെ പുതിയ സംവിധാനം അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായിരുന്നു. ആധാർ സൗകര്യം അപ്രത്യക്ഷമായപ്പോൾ അട്ടിമറി നീക്കം സംശയിക്കാനും കാരണമിതാണ്.
പുതിയ സംവിധാനം ഏർപ്പെടുത്തിയെങ്കിലും വളരെ കുറഞ്ഞ അപേക്ഷകളാണ് ആധാർ അധിഷ്ഠിതമായി ലഭിച്ചത്. അതേസമയം, കൂടുതൽ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹനവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.