ചരിത്രത്തിൽനിന്ന് പഠിക്കാതെ ഗതാഗത മന്ത്രി; മിനി ബസുകൾ വാങ്ങി കുഴിയിലാകാൻ കെ.എസ്​.ആർ.ടി.സി

ഫാസ്റ്റ്​​, സൂപ്പർഫാസ്റ്റ്​, സൂപ്പർ എക്സ്​പ്രസ്​ തുടങ്ങി ജീവനക്കാരുടെയും യാത്രക്കാരുടെയും വഴിപോക്കരുടേയും ജീവൻ കൈയ്യിലെടുത്തു പായുന്ന കെ.എസ്​.ആർ.ടി.സിയുടെ വരേണ്യ വിഭാഗം സർവിസുകൾക്ക്​ അഞ്ചുവർഷത്തിൽ താഴെ പഴക്കമെ ഉണ്ടാകാൻ പാടുള്ളൂവെന്നതായിരുന്നു നമ്മുടെ നാട്ടിലെ നിയമം. വളവുകൾ കൃത്യമായി തിരിയാനും ബ്രേക്ക്​ പിടിച്ചാൽ ഉദ്ദേശിച്ചിടത്തു നിൽക്കാനും ഈ യൗവ്വനം സൂപ്പർക്ലാസ്​ ബസുകളെ സഹായിച്ചിരുന്നു. സ്​പെയർപാർട്​സ്​ വാങ്ങാൻ പോലും ഗതിയില്ലാതാകുന്ന സമയത്തും യാത്രക്കാർക്ക്​ സുരക്ഷിതമായി യാത്രചെയ്യാനും പെട്ടെന്നു തകരാറിലാകാത്ത പുതിയ ബസുകൾ സഹായിക്കും.

പക്ഷേ, സാമ്പത്തിക പ്രതിസന്ധി ഇരുമ്പിലെ തുരുമ്പുപോലെ കോർപറേഷനെ പൊതിഞ്ഞപ്പോൾ സർക്കാരിൽ നിന്നും ഇളവുകൾ വാങ്ങി പഴയവണ്ടികളും സൂപ്പർക്ലാസ്​ സർവിസുകൾ നടത്തിത്തുടങ്ങി. നിലവിൽ 12 വർഷം പഴക്കമുള്ള ബസുകൾവരെ വെട്ടിയും വിറച്ചും കുതിച്ചുപായുന്നുണ്ട്​. ഏതാണ്ട്​ 500 ഓളം ബസുകൾ ഇത്തരത്തിൽ ഓടുന്നുണ്ട്​​. ഇവ മാറ്റി വാങ്ങേണ്ടത്​ കെ.എസ്​.ആർ.ടി.സിയുടെ​ മാത്രമല്ല, വഴിപോക്കരുടെ ജീവന്‍റെയും സ്വത്തിന്‍റെയും മുതൽ റോഡരികിലെ വൈദ്യുതി തൂണുകളുടെ വരെ നിലനിൽപ്പിനു അത്യാവശ്യമാണ്​.

ഔദ്യോഗിക രേഖകളനുസരിച്ച്​ കെ.എസ്​.ആർ.ടി.സിയിലെ മൊത്തം ബസുകളിൽ 80 ശതമാനവും അശോക്​ ലൈലാന്‍റ്​ കമ്പനിയുടേതാണ്​. 2011 മുതൽ വാങ്ങുന്ന ബസുകളിൽ 95 ശതമാനവും ലൈലാന്‍റാണ്​. കേരളത്തിന്‍റെ ഭൂപ്രകൃതിയിൽ പ്രവർത്തിക്കുമ്പോഴുള്ള കാര്യക്ഷമത, അറ്റകുറ്റപണികൾ കുറവ്​, ഈട്​ എന്നിവയൊക്കെയാണ്​ മെക്കാനിക്കുകൾക്കും ഡ്രൈവർമാർക്കും ഈ ബസുകളെ പ്രീയപ്പെട്ടതാക്കിയത്​. 2010 മുതൽ ഇതുവരെ വാങ്ങിയ ബസുകളിൽ ഇലക്​ട്രിക്​ ബസുകൾ ഒഴികെയുള്ള മുഴുവൻ എണ്ണവും ലൈലാന്‍റാണ്​. തമിഴ്​നാട്ടിലും 90 ശതമാനം സർക്കാർ ബസുകളും ലൈലാന്‍റ്​ ​തന്നെയാണ്​. എന്നാൽ, പുതിയ ഗതാഗതമന്ത്രി ചുമതലയേറ്റതോടെ ഇൗ രീതിക്ക്​ മാറ്റം വരികയാണ്​.

‘ടയറുകൾക്ക്​ വലിപ്പം കുറവ്, ദീർഘദൂര സർവീസുകൾക്ക്​ അനുയോജ്യമല്ല’​

നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 53 സീറ്റുള്ള വലിയ ബസുകൾക്ക്​ പകരം 32 സീറ്റ്​ മാത്രമുള്ള ചെറിയ ബസുകൾ വാങ്ങാനുള്ള ഒരുക്കത്തിലാണ്​ കെ.എസ്​.ആർ.ടി.സി. ടയറുകൾക്ക്​ വലിപ്പം കുറഞ്ഞതും സ്കൂൾ ബസുകൾക്ക്​ അനുയോജ്യമായ രീതിയിൽ നിർമിച്ചിട്ടുള്ളതുമായ ബസുകളാണ്​ വാങ്ങുന്നത്​. ഇവ ദീർഘദൂര സർവീസുകൾക്ക്​ അനുയോജ്യമല്ലെന്ന്​ മെക്കാനിക്കൽ വിഭാഗം ​ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

‘കുഞ്ഞു വണ്ടി’യുടെ പരീക്ഷണയോട്ടം കൊട്ടാരക്കര - പത്തനാപുരം മേഖലയിൽ പുരോഗമിക്കുന്നുണ്ട്​. വലിയ വണ്ടികൾക്ക്​ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളയിടങ്ങളിൽ സർവിസ്​ നടത്താനെന്ന പേരിലാണ്​ വാങ്ങുന്നതെങ്കിലും ഓടുന്നതൊക്കെ ദേശസാൽകൃത റൂട്ടിലൂടെയായേക്കാമെന്ന്​ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്​.

വലിയ ബസുകളുടെ 80 ശതമാനം വില വരുന്ന മിനിബസുകൾ കോർപറേഷന്​ ലാഭംനൽകാൻ സാധ്യത കുറവാണ്​. കഴിഞ്ഞ എട്ടു വർഷത്തിനിടെ സർക്കാരിൽ നിന്നും പതിനായിരം കോടിയുടെ സഹായം ലഭിച്ചിട്ടും വൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്​.ആർ.ടി.സിക്ക്​ കനത്ത ആഘാതമായിരിക്കും ഈ തീരുമാനം നൽകുക. ഇങ്ങനെ കരുതാനുള്ള സാഹചര്യം രണ്ടു പതിറ്റാണ്ടുമുമ്പ്​ കെ.എസ്​.ആർ.ടി.സിയിൽ ഉണ്ടായിട്ടുമുണ്ട്​. നിലവിലെ ഗതാഗത മ​​ന്ത്രി തന്നെയായിരുന്നു അന്നും ഗതാഗതം ഭരിച്ചിരുന്നത്​.

അന്ന് വാങ്ങിയത് 365 മിനിബസുകൾ; ഒടുവിൽ നഷ്ടത്തിൽ കലാശിച്ചു

2003 ലാണ്​ സംഭവങ്ങളുടെ തുടക്കം. അന്ന്​ എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്​ മന്ത്രിസഭാണ്​ കേരളം ഭരിച്ചിരുന്നത്​. കെ.ബി.ഗണേഷ്​കുമാർ ഗതാഗതമന്ത്രി. ആ വർഷം ഏപ്രിലിൽ നാറ്റ്​പാക്​ നടത്തിയ പഠനത്തിൽ തിരുവന്തപുരം ജില്ലയിൽ വ്യാപകമായിരുന്ന ടെമ്പോ, ട്രക്കർ പാരലൽ സർവിസ്​ നിയന്ത്രിക്കാൻ നടപടിവേണമെന്ന്​ ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതത്തിൽ കെ.എസ്​.ആർ.ടി.സിയുടെ പങ്കു വർധിപ്പിക്കാൻ മിനിബസുകൾ വാങ്ങുന്നത്​ ഉചിതമായിരിക്കും എന്ന നിർദേശവും അവർ മുന്നോട്ടുവച്ചു. പിന്നൊന്നും നോക്കിയില്ല.

photo:ksrtcblog.com/

പഠനത്തിന്‍റെ ആധികാരികതയും വസ്തുതയുമൊന്നും പരിശോധിക്കാതെ 2003 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ 30.02 കോടി രൂപ മുടക്കി 365 മിനിബസുകൾ വാങ്ങി. എന്നാൽ, ഇവ ഉപയോഗിച്ച്​ പാരലൽ സർവിസുകൾ നിർത്തലാക്കുന്നതിനു പകരം സാധാരണ സർവിസുകളായി ഓടിച്ചു. മിനിബസുകളിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഈ സർവിസുകൾ പൊതുജനം സ്വീകരിച്ചില്ല. ഇതോടെ പദ്ധതി 8.46 കോടി രൂപയുടെ നഷ്ടത്തിൽ കലാശിച്ചു.

photo:ksrtcblog.com/

2009 ആഗസ്റ്റിൽ വി.എസ്​. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ ഓഡിറ്റർ ജനറലിനോടു വിശദീകരിച്ചത്​ നാറ്റ്​പാക്​ പഠനം തെറ്റായിരുന്നുവെന്നും മിനി ബസുകളുടെ സർവിസുകൾ ഒരു കാലത്തും ലാഭകരമാവില്ലെന്നുമാണ്. കെ.എസ്​.ആർ.ടി.സി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും മിനി ബസുകൾക്കു പകരം 53 സീറ്റുകളുടെ സാധാരണ വലിയ ബസുകൾ വാങ്ങുന്നതായിരുന്നു കെ.എസ്​.ആർ.ടി.സിക്ക്​ ലാഭകരമെന്നുമാണ്​ 2009 മാർച്ച്​ 31ന്​ പുറത്തിറക്കിയ ഓഡിറ്റർ ജനറലിന്‍റെ വാണിജ്യസ്ഥാപനങ്ങ​ളെപ്പറ്റിയുള്ള റിപ്പോർട്ടിന്‍റെ 64,65 പേജുകളിൽ വിശദീകരിക്കുന്നു​.

കിലോമീറ്ററിൽ എത്ര നഷ്ടം വരും?

അന്ന്​ കെ.എസ്​.ആർ.ടി.സി സർവിസുകൾ ഇന്നത്തെയത്ര നഷ്ടക്കച്ചവടമായിരുന്നില്ലെന്ന്​ ഓർക്കണം. എന്നിട്ടും 365 കുട്ടിബസുകൾ 8.46 കോടി രൂപയുടെ അധിക നഷ്ടമുണ്ടാക്കി. 2004-05 ൽ ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം 17.77 രൂപയും പ്രവർത്തനചിലവ്​ 21.28 രൂപയുമായിരുന്നു. വരുമാന നഷ്ടം 3.51 രൂപയും ഒരു കിലോമീറ്റർ സർവിസ്​ നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം 2.56 രൂപയുമായിരുന്നു. 2005-06 ൽ ഇത്​ യഥാക്രമം 23.25, 18.89, 4.36, 3.36 എന്നിങ്ങനെയായി. 2006-07 ൽ 24.11, 20.75, 3.36, 2.34 ഉം 2007-08 ൽ 25.73, 21.13, 4.6, 3.48 ഉം 2008-09 ൽ 25.57, 22.44, 3.13, 1.61 എന്ന നിലയിലായിരുന്നു. ഇന്നത്തെപ്പോലെ ഭീമമായ നഷ്ടം ഇല്ലാതിരുന്നിട്ടും അന്നു മിനി ബസുകൾ നഷ്ടത്തിലായെങ്കിൽ ഇന്ന്​ സ്ഥിതി അതി ദയനീയമാകുമെന്ന്​ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

2024 ഏപ്രിൽ-മെയ്​ മാസത്തെ കണക്ക്​ നോക്കുമ്പോൾ കിലോമീറ്റർ വരുമാനം 50.77 രൂപയും ചിലവ്​ 80 രൂപയുമാണ്​. ഒരു കിലോമീറ്ററിൽ നിന്നുള്ള നഷ്ടം 29.23 രൂപ. വലിയ ബസുകൾ ഓടിക്കുമ്പോൾ ഇതാണ്​ സ്ഥിതിയെങ്കിൽ ചെറിയ ബസുകൾ ഉപയോഗിച്ചാൽ കിലോമീറ്ററിനു 30 രൂപയിൽ കൂടുതൽ വരുമാനം കിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു. ഓരോ കി​േലാമീറ്ററിലും 50 രൂപയുടെ വരുമാന നഷ്ടം സഹിക്കേണ്ടിയും വരും. 250 കിലോമീറ്റർ സർവിസ്​ നടത്തുന്ന മിനി ഓർഡിനറി ബസിന്‍റെ പ്രതിദിന നഷ്ടം ഏകദേശം 12500 രൂപയായരിക്കും. പ്രതിമാസ നഷ്ടം 3.75 ലക്ഷവും.

കട്ടപ്പുറത്ത് എണ്ണൂറോളം ബസുകൾ

ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്​.ആർ.ടി.സിയുടെ 4070 ബസുകളാണ്​ സ്ഥിരമായി സർവിസ്​ നടത്തുന്നത്​. നല്ല നിലവാരമുണ്ടായിട്ടും ആവശ്യത്തിനു യാത്രക്കാരില്ല എന്ന പേരിൽ ഓടിക്കാതെ മാറ്റിയിട്ടിരിക്കുന്നത്​ 704 ബസുകളാണ്​. എണ്ണൂറോളം ബസുകൾ കട്ടപ്പുറത്തുമുണ്ട്​. ഇവയുടെ കാര്യത്തിൽ ഗുണപരമായ ഒരു തീരുമാനവുമെടുക്കാതെയാണ്​ മിനി ബസുകൾ വാങ്ങിക്കൂട്ടാൻ ശ്രമം നടക്കുന്നത്​.

Tags:    
News Summary - Transport Minister KB ganesh kumar and KSRTC mini bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.