തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂനിയനുകൾക്കും നേതൃത്വത്തിനുമെതിരെ നിയമസഭയിൽ ശകാരം ചൊരിഞ്ഞ് മന്ത്രി ആന്‍റണി രാജു. ചോദ്യോത്തരവേളയിൽ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ രണ്ട് ചോദ്യങ്ങൾ. മന്ത്രിയുടെ മറുപടിയുടെ സിംഹഭാഗവും യൂനിയനുകൾക്കെതിരായ വിമർശനമായിരുന്നു. വിമർശനം ആവർത്തനമായതോടെ ഇടപെട്ട മുഖ്യമന്ത്രി, സുശീൽഖന്ന റിപ്പോർട്ട് ശിപാർശ നടപ്പാക്കുമെന്ന് വ്യക്തമാക്കി ഫുൾസ്റ്റോപ്പിട്ടു.
കേരളത്തിൽ ഒരു പൊതുമേഖല സ്ഥാപനത്തിലും ഉണ്ടാക്കാൻ കഴിയാത്തതരം കരാറാണ് യൂനിയനുകൾ കെ.എസ്.ആർ.ടി.സിയിൽ ഉണ്ടാക്കിയതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. കെ.എസ്.ആർ.ടി.സിയിൽ 400 യൂനിയൻ നേതാക്കൾക്കാണ് പ്രൊട്ടക്ഷനുള്ളത്. ഓരോ യൂനിറ്റിലും മൂന്ന് വീതം നേതാക്കൾക്ക് പ്രൊട്ടക്ഷനുണ്ട്. ഇങ്ങനെ യൂനിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകുന്ന സ്ഥാപനമില്ല. ഇവരാണ് ഭരിക്കുന്നത്. ഇവരെ സ്ഥലം മാറ്റാൻ പറ്റില്ല. ഇത് ഒരു പൊതുമേഖല സ്ഥാപനത്തിലുമില്ല. ഇത് മാറാതെ സ്ഥാപനത്തെ നന്നാക്കിയെടുക്കാൻ പറ്റില്ല. ഇതിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി ശാക്തീകരണം സംബന്ധിച്ച സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യങ്ങൾ തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യും. കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ ഇലക്‌ട്രിക് ബസ് വാങ്ങുന്നത് സർക്കാർതലത്തിൽ ചർച്ച നടത്തി തീരുമാനിക്കും. 700 സി.എൻ.ജി ബസ് വാങ്ങാൻ തീരുമാനിച്ചിരുന്നു. ആറുമാസത്തെ സി.എൻ.ജി വില പരിശോധിച്ചശേഷം ഏത് ബസ് വാങ്ങണമെന്നതിൽ അന്തിമ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.