ചേലക്കര (തൃശൂർ): വിസ വാഗ്ദാനം ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിലൂടെ സന്ദേശമയച്ച് പലരിൽനിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി മമ്പുറം തോട്ടിങ്ങൽ മുഹമ്മദിനെയാണ് (കുഞ്ഞുട്ടി -56) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ചേലക്കര ടൗണിലെ രാജപ്രഭ ആർക്കേഡിൽ 'രഹനാസ് എൻറർപ്രൈസസ്' പേരിൽ ട്രാവൽ ഏജൻസിയും ഫാസ്റ്റ് ഫുഡ് കടയും നടത്തുകയാണ് മുഹമ്മദ്. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ ആർമിയിൽ ജോലി ഒഴിവുണ്ടെന്നും വിസ തയാറാണെന്നും പറഞ്ഞാണ് ഇയാൾ തൊഴിലന്വേഷകരെ ആകർഷിച്ചത്.
വിവിധ ജില്ലകളിലെ ഇരുനൂറോളം പേരിൽനിന്ന് കാൽ ലക്ഷം മുതൽ ഒരു ലക്ഷം വരെ തട്ടിയെടുത്തതായാണ് കേസ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽനിന്നായി 52 പരാതിയാണ് ചേലക്കര പൊലീസിന് ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് കൂടുതൽ ആളുകൾ പരാതിയുമായി വരുന്നുണ്ട്.
മൂന്നുവർഷത്തോളമായി ചേലക്കരയിൽ സ്ഥാപനം നടത്തുന്ന മുഹമ്മദ് ആദ്യമാദ്യം പരാതിയുമായി വരുന്നവരെ പണം തിരികെ നൽകി ഒഴിവാക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് കൂടുതൽ ആളുകൾ വന്ന് തുടങ്ങിയതോടെ സ്ഥാപനം പൂട്ടി ഒളിവിൽപോയി. പ്രദേശത്തെ വിവിധ ലോഡ്ജുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച പുലർച്ച ഷൊർണൂരിലെ ലോഡ്ജിൽനിന്ന് ചേലക്കര സി.ഐ ഇ. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.