ആമ്പല്ലൂര്‍: ഒറ്റതവണ പാലിയേക്കര ടോള്‍പ്ലാസ കടന്ന വാഹനത്തിന്‍റെ ഫാസ്ടാഗില്‍ നിന്ന് അഞ്ച് തവണയുടെ ടോള്‍ ഈടാക്കിയതായി പരാതി. കോടാലി സ്വദേശി എ.എസ്. സൂരജിന്റെ ടോറസ് ലോറി കടന്നുപോയപ്പോഴാണ് ഫാസ്ടാഗില്‍ നിന്നും അഞ്ച് തവണ പോയതിനുതുല്യമായി 445 രൂപ വീതം ഈടാക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പിന്നീട് ലോറി കടന്നുപോകുമ്പോള്‍ പണം ഇല്ലെന്ന് പറഞ്ഞ് വാഹനം തടഞ്ഞപ്പോഴാണ് സൂരജ് ഫാസ്ടാഗ് സ്റ്റേറ്റ്മെന്റ് പരിശോധിച്ചത്.
ഒരേദിവസം ഒരേ സമയം ഒരു ട്രാക്കിലൂടെ അഞ്ച് തവണ കടന്നുപോയെന്നാണ് സ്റ്റേറ്റ്മെന്‍റിൽ കാണിക്കുന്നത്. കഴിഞ്ഞ മാസം 2 തവണ ഇത്തരം പിഴവ് ഉണ്ടായിരുന്നതായും ഒരു തവണ സഞ്ചരിച്ചപ്പോള്‍ 2 തവണ വീതമാണ് അന്ന് ടോള്‍ ഈടാക്കിയതെന്നും സൂരജ് പറഞ്ഞു.
ഇത്തവണ ഫാസ്ടാഗ് അക്കൗണ്ടില്‍ 1780 രൂപയുടെ കുറവ് വന്നപ്പോഴാണ് പരിശോധിച്ചതെന്നും തട്ടിപ്പ് മനസിലായതെന്നും സൂരജ് പറഞ്ഞു. പണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ടോള്‍ പ്ലാസയില്‍ പരാതിയുമായെത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നും സൂരജ് പറഞ്ഞു.
പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കൂട്ടി വീണ്ടും സംസാരിച്ചെങ്കിലും ഫാസ്ടാഗുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് ഓഫിസിലുള്ളവര്‍ അറിയിച്ചതത്രേ. ഇതോടെ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ നീതി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു. അതേസമയം ഒരുതവണ പോയപ്പോള്‍ 5 തവണയുടെ ടോള്‍ ഈടാക്കിയെന്ന പരാതിയില്‍ രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്ന് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.