തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ഹൃദ്യമായ വിവാഹ സൽക്കാരം. ബോണ്ട് സർവീസിലെ സ്ഥിരം യാത്രക്കാരാണ് പുതിയ ജീവിത യാത്രയ്ക്ക് ഡബിൾ ബെല്ല് കൊടുത്ത സഹയാത്രികന് ബസിനുള്ളിൽ വിവാഹ വിരുന്നൊരുക്കിയത്.
കിളിമാനൂർ ഡിപ്പോയിലെ പള്ളിക്കൽ-തിരുവനന്തപുരം ബോണ്ട് സർവീസാണ് അപൂർവ നിമിഷങ്ങൾക്ക് വേദിയായത്. ബസിലെ സ്ഥിരം യാത്രക്കാരനും തകരപ്പറമ്പ് സ്വദേശിയുമായ ഹരീഷിന്‍റെ വിവാഹമായിരുന്നു വെള്ളിയാഴ്ച. ബോണ്ട് സർവീസിന്‍റെ വൈകിട്ടത്തെ മടക്കയാത്രയിലായിരുന്നു വധൂവരൻമാർക്ക് സ്വീകരണമൊരുക്കിയത്.
തകരപ്പറമ്പിൽ എത്തിയതോടെ ബസ് റോഡിന് വശം ചേർത്ത് നിർത്തി. തുടർന്ന് വധുവും വരനും വീട്ടിലെ വിവാഹത്തിരക്കുകളിൽ നിന്ന് വിട്ട് ബസിനുള്ളിലെ സ്നേഹവിരുന്നിലേക്ക്. പിറകിലെ വാതിലിലുടെ ബസിനുള്ളിലേക്ക് എത്തിയ ഇരുവരെയും കയ്യടികളോടെയാണ് സഹയാത്രികർ എതിരേറ്റത്.
പിന്നാലെ യാത്രക്കാർ ഒരോരുത്തരും ആശംസകളുമായെത്തി. ഊഷ്മളവും ഐശ്വര്യപൂർണവുമായി ഭാവിജീവിതത്തിനുള്ള ആശീർവാദങ്ങളായിരുന്നു സംസാരങ്ങളോരോന്നും.
ഇതിനിടെ ''നമ്മുടെ കൂട്ടായ്മ നടത്തുന്ന എല്ലാ ആഘോഷങ്ങളും മറ്റുള്ള ബോണ്ട് സർവീസ് കൂട്ടായ്മകൾ കോപ്പി ചെയ്യാറുണ്ട്, പക്ഷേ ഇത് അത്ര പെട്ടെന്ന് കോപ്പി ചെയ്യാനാവില്ല'' -ആശംസകൾക്കിടയിലെ രസകരമായ അവകാശവാദം ബസിനുള്ളിൽ പൊട്ടിച്ചിരികൾക്കും വകയേകി.
തുടർന്ന് യാത്രക്കാരുെട വക സ്നേഹോപഹാരമായി നവദമ്പതികൾക്ക് മൊമേൻറാ കൈമാറി. ബസിനുള്ളിൽ കേക്ക് മുറിച്ചതോടെ വേറിട്ട വിവാഹവിരുന്നിന് പതിനേഴഴകും. വധൂവരൻമാർക്കൊപ്പം എല്ലാവരും ഫോട്ടോയും എടുത്ത ശേഷമാണ് ബോണ്ട് സർവീസ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.