വീണ്ടും ട്രഷറി നിയന്ത്രണം; ബിൽ മാറ്റപരിധി അഞ്ചു ലക്ഷമാക്കി

തിരുവനന്തപുരം: ധനപ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. നിത്യനിദാന ചെലവുകൾക്കടക്കം ട്രഷറിയിൽനിന്ന് മാറാവുന്ന ബില്ലുകളുടെ പരിധി 10 ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമാക്കി ചുരുക്കി. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറ്റുന്നതിന് ഇനി ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണം. 20 ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

25 ലക്ഷമായിരുന്ന ബിൽ മാറ്റപരിധി ജൂലൈ 30നാണ് 10 ലക്ഷ്യമായി താഴ്ത്തിയത്. ഇതാണ് വീണ്ടും അഞ്ചു ലക്ഷമായി നിജപ്പെടുത്തിയത്. അതേസമയം ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ എന്നിങ്ങനെയുള്ള ചെലവുകളെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം കരാറുകാരുടെ ചെക്ക് മാറുന്നതിനുള്ള ബിൽ ഡിസ്കൗണ്ട് സംവിധാനത്തിനും ഇളവുണ്ട്. കേന്ദ്ര വിഹിതം കുറഞ്ഞതിനു പിന്നാലെ ഓണക്കാലത്തെ അധിക ചെലവുകളാണ് ട്രഷറി നിയന്ത്രണത്തിന് കാരണമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. 19,000 കോടിയാണ് ശമ്പളത്തിനും പെൻഷനും ഓണച്ചെലവുകൾക്കും ഓണാനുകൂല്യങ്ങൾക്കുമായി വേണ്ടിവന്നതെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ച് ട്രഷറികൾക്ക് നിർദേശം നൽകിയത്.

ഒപ്പം ധനവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ വലിയ ബില്ലുകളിലെ തുക വിഭജിച്ച് ചെറിയ തുകയായി മാറ്റിയെടുക്കുന്ന പ്രവണതക്കെതിരെയും ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കർശന പരിശോധനക്കു ശേഷമേ ബില്ലുകൾ മാറാവൂ എന്നും ഒരു ബിൽ പല ബില്ലുകളായി വിഭജിച്ചു സമർപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നുമാണ് ട്രഷറികൾക്കുള്ള നിർദേശം. ഇത്തരത്തിൽ ബില്ലുകൾ വിഭജിച്ച് സമർപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മുമ്പും ധനസെക്രട്ടറി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഏപ്രിലിലാണ് 25 ലക്ഷം എന്ന പരിധിയിലേക്ക് ബിൽ മാറ്റം പരിമിതപ്പെടുത്തിയത്. അതുവരെ ഒരു കോടി വരെയായിരുന്നു ട്രഷറി വഴിയുള്ള ബിൽ മാറ്റപരിധി. നിയന്ത്രണങ്ങളിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം ഉയർന്നതായി കഴിഞ്ഞ ദിവസം ധനമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു. 2016ൽ 38,000 കോടിയായിരുന്നു നികുതി വരവെങ്കിൽ 2023 മാർച്ചിൽ നികുതി വരവ് 71,000 കോടിയായാണ് ഉയർന്നത്.

Tags:    
News Summary - Treasury control again; The bill change limit increased to 5 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.