തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ കടുത്ത പണഞെരുക്കവും ബില്ലുകളുടെ കുത്തൊഴുക്കും കണക്കിലെടുത്ത് ട്രഷറികളിൽ അപ്രഖ്യാപിത നിയന്ത്രണം. ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകളും ചെക്കുകളും പിടിച്ചുവെക്കാനാണ് തിങ്കളാഴ്ച രാവിലെ ട്രഷറികൾക്ക് സർക്കാർ വാക്കാൽ നിർദേശം നൽകിയത്. 25 ലക്ഷം വരെ ബിൽമാറ്റ പരിധിയുണ്ടായിരിക്കെയാണ് ഈ അപ്രതീക്ഷിത നിയന്ത്രണം.
പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിൽനിന്ന് 5800 കോടി രൂപയുടെ കൂടി വായ്പാനുമതി നേടിയെടുക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ധനവകുപ്പ്. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ ജി.എസ്.ഡി.പിയുടെ 0.5 ശതമാനം കൂടി വായ്പ എടുക്കാനാകുമെന്നതിലാണ് സർക്കാർ പിടിവള്ളി. ഇതിനായി കെ.എസ്.ഇ.ബിയുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90 ശതമാനം തുകയായ 494 കോടി രൂപ സംസ്ഥാനം ഏറ്റെടുത്തിരുന്നു. 5800 കോടിയോളം രൂപയുടെ വായ്പ സാധ്യതയാണുള്ളത്. കടമെടുപ്പിലൂടെ പണമെത്തും വരെ ട്രഷറികളെ സുരക്ഷിതമാക്കുന്നതിനായാണ് ബില്ലുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകീട്ടോടെയെങ്കിലും വായ്പാനുമതി ലഭിച്ചാലേ ചൊവ്വാഴ്ച കടപ്പത്രമിറക്കാനാകൂ. അല്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.
ട്രഷറി അക്കൗണ്ടിൽ പണമില്ലാത്ത സാഹചര്യങ്ങളിൽ റിസർവ് ബാങ്കിൽ നിന്നുള്ള താൽക്കാലിക സഹായമായ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കാനാകും. 1670 കോടിയാണ് വെയ്സ് ആൻഡ് മീൻസ് പരിധി. പുറമെ, ഒരുവട്ടംകൂടി 1670 കോടിയെടുക്കാം.
പക്ഷേ, രണ്ടാമതെടുത്തത് രണ്ടാഴ്ചക്കുള്ളിൽ തിരിച്ചടയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ ട്രഷറി ഓവർഡ്രാഫ്റ്റിലാകുന്ന സ്ഥിതിയുണ്ടാകും.
വർഷാവസാനത്തെ ബില്ലുകളുടെ ബാഹുല്യം കണക്കിലെടുത്ത് ട്രഷറിയിൽ കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 26ന് വൈകീട്ട് അഞ്ചു വരെ സമർപ്പിക്കുന്ന ബില്ലുകളും ചെക്കുകളും മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെന്നാണ് നിർദേശം.
26ന് ട്രഷറികളിലെത്തുന്ന വിവിധ വകുപ്പുകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്ലാൻ ബില്ലുകൾ ടോക്കൺ നൽകി ക്യൂവിലേക്ക് മാറ്റും. സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുമ്പ് അന്തിമ വൗച്ചർ സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇൻവോയ്സിന്റെ അടിസ്ഥാനത്തിലുള്ള അഡ്വാൻസ് അനുവദിക്കില്ലെന്ന് ട്രഷറി ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.