കോഴിക്കോട്: ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്താൻ കെ.കെ. രമ എം.എൽ.എ അട്ടപ്പാടി സന്ദർശിച്ചു. 'മാധ്യമം ഓൺലൈൻ' വാർത്തയെ തുടർന്ന് നിയമസഭയിൽ കെ.കെ. രമ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നത് സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്താമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിയമസഭക്ക് ഉറപ്പും നൽകിയിരുന്നു.
ചൊവ്വാഴ്ച രാവിലെ അഗളി നക്കുപതി ഊരിലെത്തിയ കെ.കെ. രമ ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയെയും തോതി മൂപ്പനെയും കണ്ട് ഭൂമികൈയേറ്റ വിഷയം ചർച്ച ചെയ്തു. 1975ലെ നിയമപ്രകാരം ഒറ്റപ്പാലം ആർ.ഡി.ഒ അനുകൂലമായി ഉത്തരവിട്ട ഭൂമിയാണ് കൈയേറ്റക്കാർ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്ന് നഞ്ചിയമ്മ പറഞ്ഞു.
നിയമസഭയിൽ നഞ്ചിയമ്മയുടെത് അടക്കമുള്ള അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കൈയേറുന്നത് സർക്കാരിന്റെയും റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് കെ.കെ. രമ പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികൾ ജനിച്ച മണ്ണിൽ ജീവിക്കാനായി നടത്തുന്ന എല്ലാ സമരങ്ങൾക്കുമൊപ്പം ഉണ്ടാകുമെന്ന് നഞ്ചിയമ്മക്ക് രമ ഉറപ്പ് നൽകി. ഹൈകോടതിയിൽനിന്ന് 751/1 എന്ന സർവേ നമ്പരിൽ ഉത്തരവ് വാങ്ങി 750/1 എന്ന സർവേ നമ്പരിലെ ഭൂമി പൊലീസ് സഹായത്തോടെ കൈയേറാൻ ശ്രമിച്ച ചീരക്കടവിലെ സ്ഥലവും രമ സന്ദർശിച്ചു. ചീരക്കടവ് ഊരിലെ ആദിവാസികൾ കൈയേറാൻ ശ്രമിച്ച് ഭൂമിയിൽ കുടിലുകൾ നിർമിച്ചിരുന്നു. കുടിൽ കെട്ടിയതിനെതിരെ കൈയേറ്റക്കാരൻ പൊലീസിൽ കേസ് കൊടുത്തുവെന്ന് ആദിവാസികൾ രമയോട് പറഞ്ഞു. ഊരിലെ ആദിവാസികളോട് മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്തിട്ടാണ് രമ മടങ്ങിയത്.
അട്ടപ്പാടി സന്ദർശിച്ച ശേഷം കെ.കെ. രമ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ...
കിടപ്പാടത്തിനും ഭൂമിക്കും വേണ്ടി പൊരുതുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലാണിന്ന്. കേരളത്തിന്റെ അഭിമാന ഗായിക നഞ്ചിയമ്മയെ കണ്ടു. മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയുടെ പോലും ഭൂമി തട്ടിയെടുക്കപ്പെട്ട അവസ്ഥ നാം വാർത്തകളിൽ കണ്ടതാണ്. നഞ്ചിയമ്മയെ കേരളത്തിന് അറിയാവുന്നതുകൊണ്ട് ഈ വിഷയം പൊതുശ്രദ്ധയിൽ വന്നു. ഇതു പോലെ നൂറു കണക്കിന് കുടുംബങ്ങളുണ്ട്.
പലതരത്തിൽ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഭൂമാഫിയയുടെ വഞ്ചനയ്ക്കിരയായി കിടപ്പാടം നഷ്ടപ്പെട്ടവരുണ്ട്. പലഘട്ടങ്ങളിലായി വിതരണം ചെയ്യപ്പെട്ട വ്യാജ പട്ടയങ്ങളുണ്ട്. ഭരണകൂടവും ഭൂമാഫിയയും നിരന്തരം കബളിപ്പിക്കുന്ന ജനതയുടെ അന്തസും അഭിമാനവും സുരക്ഷിതത്വവും ഉറപ്പു വരുത്താനുള്ള പോരാട്ടങ്ങളാണ് ഉയർന്നു വരേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.