കോഴിക്കോട് : ഇടുക്കിയിൽ ആദിവാസി പുനരധിവാസത്തിന് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങാനുള്ള എസ്.സി- എസ്.ടി വകുപ്പിന്റെ നീക്കം പൊളിച്ച് റവന്യൂവകുപ്പ്. വെള്ളിയാമറ്റം വില്ലേജിലെ സർവേ നമ്പർ 154/1, 3, 4, 5, 6 എന്നിവയിൽ ഉൾപ്പെട്ട 8.96 ഏക്കർ ഭൂമി വാങ്ങാൻ 2.91 കോടി രൂപ നൽകാനുള്ള എസ്.സി.എസ്.ടി വകുപ്പിന്റെ ജനുവരി ഒമ്പതിലെ ഉത്തരവാണ് റദ്ദാക്കിയത്.
പഞ്ചായത്തുതല കമ്മിറ്റിയുടെയും ജില്ലാതല സ്ക്രൂടിണി കമ്മിറ്റിയുടെയും ശിപാർശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ തല പർച്ചേഴ്സ് കമ്മിറ്റി ഭൂമിക്ക് വില നിശ്ചയിച്ചത്. പന്നിമറ്റം, മുണ്ടയ്ക്കൽ, ബെന്നി സെബാസ്റ്റ്യന്റെ പേരിലുള്ള ഈ ഭൂമി വാങ്ങുന്നതിന് ഇടുക്കി കലക്ടർ സമർപ്പിച്ച പ്രൊപ്പോസൽ 2022 ഏപ്രിൽ 22ന് ചേർന്ന ചേർന്ന എസ്.എൽ.ഇ.സി. യോഗം അംഗീകരിച്ചു. ഭൂമി വാങ്ങുന്നതിന് ഏപ്രിൽ 25ന് സർക്കാർ അനുമതിയും നൽകി.
തുടർ നടപടി ഉണ്ടാവാത്തതിനാൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മിനി ബെന്നി സ്ഥലം ഏറ്റെടുത്ത് തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. 2024 ജനുവരി നാലിന് അനുകൂലമായ കോടതി വിധിയുണ്ടായി. വിധി ലഭിച്ച് ആറ് ആഴ്ചക്കകം ഭൂമി ഏറ്റെടുക്കണമെന്ന് ഇടുക്കി കലക്ടർക്കും ഐ.ടി.ഡി.പി ഓഫിസർക്കും നിർദേശം നൽകി. കോടതി വിധി പ്രകാരം ഈ സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 2.91 കോടി (2,91,11,630) രൂപ ഭൂരഹിതരായ പട്ടികവർഗക്കാരുടെ പുനരധിവാസം എന്ന പദ്ധതിയിൽ നിന്ന് അനുവദിക്കാൻ ആദിവാസി പുനരധിവാസ വികസന മിഷൻ സ്പെഷ്യൽ ഓഫീസർക്ക് അനുവാദം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ജനുവരി ഒമ്പതിന് ഉത്തരവിട്ടു.
ഈ വിഷയത്തിൽ ഭൂമി ലഭിക്കുന്ന ഗുണഭോക്താക്കളായ ആദിവാസി കുടുംബങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്തില്ലെന്ന് ആദിവാസി പുനരധിവാസ മിഷൻ ചൂണ്ടിക്കാണിച്ച് നാലു കത്ത് നൽകി. ഈ കേസിൽ അപ്പീൽ സാധ്യത പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. മണ്ണ് സംരക്ഷണ വകുപ്പും ജിയോളജി വകുപ്പും റവന്യൂ വകുപ്പും ജനുവരി 24 ന് നടത്തിയ സംയുക്ത പരിശോധനയിൽ ഭൂമി പുനരധിവാസത്തിന് അനുയോജ്യമല്ലെന്ന് ബോധ്യമായി. വെള്ളിയാമറ്റം വില്ലേജിലെ സ്ഥലം ഭൂരിഭാഗവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മണ്ണിടിച്ചിൽ സാധ്യത പ്ലാനിൽ റെഡ് സോണിൽ (ഹൈ ഹസാർഡ് സോണിൽ) ഉൾപ്പെടുന്നതായി ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് 2024 ജനുവരിയിൽ റിപ്പോർട്ട് നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ മണ്ണിടിച്ചിൽ സാധ്യത മാപ്പിൽ റെഡ്, ഓറഞ്ച് സോണുകളിൽ ഉൾപ്പെടുന്നതായി ഇടുക്കി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും റിപ്പോർട്ട് ചെയ്തു.
ഈ സാഹചര്യത്തിൽ ഇത്തരം റെഡ് സോണിൽ ഉൾപ്പെടുന്ന ഭൂമിയിൽ പുരധിവാസ കേന്ദ്രം ഒരുക്കുന്നത് ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. ഭൂമി ലഭിക്കുന്ന ഗുണഭോക്താക്കളായ പട്ടികവർഗക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത്, പട്ടികവർഗ വകുപ്പിന്റെ ജനുവരി 28ലെ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് റവന്യൂ വകുപ്പ് നിർദേശം നൽകി. തുടർന്ന് മിനി ബെന്നിക്ക് തുക അനുവദിക്കാൻ ആദിവാസി പുനരധിവാസ വികസന മിഷൻ സ്പെഷ്യൽ ഓഫീസർക്ക് അനുവാദം നൽകി പുറപ്പെടുവിച്ച ഉത്തരവ് എസ്.സി- എസ്.ടി വകുപ്പ് ജനുവരി 31ന് റദ്ദാക്കി.
ഭൂരഹിതരായ ആദിവാസികൾക്ക് വാസയോഗ്യവും സുരക്ഷിതവുമായ ഭൂമി മാത്രമേ വിതരണം ചെയ്യാവൂ എന്നതാണ് സർക്കാർ നയം. 2018-ലെ ഉത്തരവ് ലംഘിച്ചാണ് ഈ ഭൂമി വാങ്ങാൻ തീരുമാനിച്ചത്. വൈദ്യുതി ലഭ്യത, റോഡ് പ്രവേശനം, ജലലഭ്യത, ഭൂമിയുടെ നിരപ്പ് തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് ഭൂമി വാങ്ങേണ്ടത്. ഈ ഭൂമി വാങ്ങുന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നയവും വ്യവസ്ഥകളും ലംഘിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമായി. ഭൂമി പുനരധിവാസത്തിന് അനുയോജ്യമല്ല. ജനവാസ കേന്ദ്രമായും അനുബന്ധ കൃഷിഭൂമിയായും വികസിപ്പിക്കുന്നതിന് കുറഞ്ഞത് മൂന്ന് കോടി രൂപയെങ്കിലും അധികമായി ചെലവഴിക്കണം. ഈ പണം ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ടതും കൂടുതൽ വിസ്തൃതിയുള്ളതുമായ ഭൂമി ഏറ്റെടുക്കാനാവുമെന്നിരിക്കെയാണ് ഈ അട്ടിമറി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.