തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഞായറാഴ്ച അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നാല് ജില്ലകളിലായി പതിനായിരം പൊലീസുകാരെ നിയോഗിച്ചു.
ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തും. ജില്ലകളെ സോണുകളായി തിരിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെയും സഹായം ചെയ്യുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കും. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളുടെ അതിർത്തി അടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടുജോലിക്കാർ, ഹോംനഴ്സ്, പ്ലംബർ, ഇലക്ട്രീഷൻ തുടങ്ങിയവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം. മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറക്കും. വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് വാർഡ് സമിതികൾ ഭക്ഷണം നൽകും. ഇതിനായി കമ്യൂണിറ്റി കിച്ചൻ ജനകീയ ഹോട്ടലുകൾ എന്നിവ പ്രവർത്തിപ്പിക്കും. പാൽ, പത്രം എന്നിവ രാവിലെ ആറിന് മുൻപ് വീടുകളിൽ എത്തിക്കണം.
ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒന്നുവരെ മാത്രം അത്യാവശ്യം ജീവനക്കാരുമായി പ്രവർത്തിക്കും. മുഖ്യമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.