തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ ജനവിധി സാധൂകരിച്ചുള്ള കോടതിവിധി, എന്തും പ്രചാരണായുധമാകുന്ന തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന് നൽകുന്നത് ചെറുതല്ലാത്ത രാഷ്ട്രീയ ആശ്വാസം. അനുകൂല വിധിയോടെ ആരോപണങ്ങളിൽനിന്ന് അഗ്നിശുദ്ധി വരുത്തിയെന്ന് മാത്രമല്ല കോൺഗ്രസിന്റെ പ്രചാരണഗതിയിൽ ഗിയർമാറ്റത്തിന് കൂടി വഴിയൊരുക്കും.
വിധി അനുകൂലമായിരുന്നെങ്കിൽ കരുവന്നൂർ മുതൽ പാനൂർ വരെ കൈപൊള്ളി നിൽക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് പ്രതിരോധവഴിയിൽ കരകയറാനുള്ള പഴുതാകുമായിരുന്നു.
മൂന്നു വർഷമായി തുടരുന്ന നിയമവ്യവഹാരത്തിന് മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വിധിയെത്തുന്നത് അപൂർവത മാത്രമല്ല, ഇരു മുന്നണികൾക്കും കടുത്ത നെഞ്ചിടിപ്പുമായിരുന്നു. അയോഗ്യത കേസുകളിലെ വിധികൾ സാധാരണയായി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ശേഷം കെട്ടടങ്ങാറുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ നേർക്കുനേർ സ്വാധീനിക്കാവുന്ന നിർണായക സമയത്തായിരുന്നു തൃപ്പൂണിത്തുറ വിധി. ഒരു വേള സി.പി.എമ്മിനെക്കാൾ കോൺഗ്രസിനായിരുന്നു സമ്മർദമേറെ.
കേസിന്റെ നിയമവഴികളിലെ അനുഭവങ്ങളായിരുന്നു കാരണം. എം. സ്വരാജിന്റെ ഹരജി നിലനില്‍ക്കില്ലെന്ന കെ. ബാബുവിന്റെ മറുപടി വാദം ഹൈകോടതി തള്ളുകയും കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് ഇതിലൊന്ന്. ഹൈകോടതി പരാമര്‍ശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ. ബാബു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളപ്പെട്ടു. വിചാരണ പൂര്‍ത്തിയാകാനിരിക്കെ നടപടിക്രമങ്ങള്‍ ചോദ്യം ചെയ്ത് കെ. ബാബു നല്കിയ രണ്ടാം ഹരജിയിലും തിരിച്ചടിയായിരുന്നു.
കേസിന്റെ നാൾവഴികൾ മുന്നിൽവെച്ച് വലിയ പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമാണ് തിരിച്ചടി. നിരാശയെന്ന് പറഞ്ഞൊഴിയുന്നതിന് പകരം വിധി വിചിത്രമെന്ന എം. സ്വരാജിന്റെ വാക്കുകൾ എല്ലാമുണ്ട്. മാത്രമല്ല,
ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നത് കൂടി അദ്ദേഹം അടിവരയിടുന്നുണ്ട്. വിധി മറിച്ചായിരുന്നെങ്കിൽ 20 മണ്ഡലങ്ങളിലും പ്രചാരണവിഷയമാകുമായിരുന്ന വിഷയം പക്ഷേ, ഇനി തൃപ്പൂണുത്തുറയിൽ മാത്രമാകും സി.പി.എം ചർച്ച ചെയ്യുക.
അനുകൂല വിധിയോടെ വലിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫും കോൺഗ്രസും. പ്രചാരണവിഷയങ്ങളിൽ ഇനി തൃപ്പൂണിത്തുറയും ഇടംപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.