കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയായിരുന്ന സി.പി.എം നേതാവ് എം. സ്വരാജ് നൽകിയ ഹരജിയിൽ ഹൈകോടതി നോട്ടീസ്. കെ. ബാബു, തെരഞ്ഞെടുപ്പ് കമീഷൻ അടക്കമുള്ളവർക്കാണ് ഹൈകോടതി നോട്ടീസ് അയച്ചത്. ഒക്ടോബർ നാലിന് പരിഗണിക്കാനായി ഹരജി മാറ്റി.
'സ്വാമി അയ്യപ്പെൻറ' പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹരജി നൽകിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ. ബാബുവിന്‍റെ പേരും ചിഹ്നവും ഉൾപ്പെട്ടിരുന്നു.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. 'അയ്യനെ കെട്ടിക്കാൻ വന്നവനെ അയ്യന്‍റെ നാട്ടിൽ നിന്ന് കെട്ടിക്കെട്ടിക്കാൻ കെ. ബാബുവിന് വോട്ട് ചെയ്യൂ' എന്നായിരുന്നു ചുവരെഴുത്തുകൾ. ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നാണ് ഹരജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്.
നേരത്തെ, സ്വരാജിന്‍റെ ഹരജിയിൽ കെ. ബാബു അടക്കമുള്ളവരോട് ഹൈകോടതി വിശദീകരണം തേടിയിരുന്നു. വിജയിച്ച കെ. ബാബു എം.എൽ.എ, സ്ഥാനാർഥികളായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്‌ണൻ, കെ.പി. അയ്യപ്പൻ, പി.സി. അരുൺ ബാബു, രാജേഷ് പൈറോഡ്, സി.ബി. അശോകൻ തുടങ്ങിയവരാണ് എതിർകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.