നിയമന വിവാദം: മേയറുടെ ഓഫിസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; ഡി.ആർ. അനിലിന്‍റെ മൊബൈൽ പരിശോധിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികയിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിൽ മേയറുടെ ഓഫിസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് നൽകി.

കത്തെഴുതിയതായി കരുതുന്ന പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിന്‍റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് നൽകി. അതേസമയം, കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആർ അനിൽ ചോദ്യം ചെയ്യലില്‍ മൊഴി നൽകിയത്.


കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികളിലെ ഒഴിവുകള്‍ സംബന്ധിച്ചും അപേക്ഷിക്കേണ്ട അവസാന തിയ്യതി വിശദീകരിച്ചുമാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ​ ​പേരിൽ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. എന്നാൽ, സിപിഎം ജില്ലാ സെക്രട്ടറിക്ക് നിയമനം സംബന്ധിച്ച് കത്തയച്ചിട്ടില്ലെന്നാണ് മേയര്‍ അറിയിച്ചത്. മേയറുടെ കത്ത് കണ്ടിട്ടില്ലെന്നും കത്തയക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.

നിയമനക്കത്ത് വിവാദത്തെ തുടർന്ന് ശക്തമായ പ്രതിപക്ഷ സമരത്തിനാണ് കോർപറേഷൻ വേദിയായത്. ഒടുവിൽ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്. കുറ്റാരോപിതനായ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ രാജിവെക്കുമെന്നു യോഗത്തിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും തീരുമാനിച്ചത്. മന്ത്രി വി ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുത്തിരുന്നു.

മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന ആവശ്യം സംബന്ധിച്ചു നിലവിൽ ഹൈക്കോടതിയിൽ കേസുണ്ട്. അതിനാൽ രാജി ആവശ്യം കോടതിയുടെ തീർപ്പിനു വിടും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിനെതിരെ ആക്ഷേപം ഉയർന്നുവന്നിരുന്നു. നിയമനക്കത്ത് എഴുതിയത് താൻ തന്നെയാണെന്നു ഡി ആർ അനിൽ സമ്മതിച്ച സാഹചര്യത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നു അദ്ദേഹത്തെ മാറ്റിനിർത്താൻ ധാരണയായി. ഭരണപരമായ പ്രശ്നങ്ങൾ മുമ്പു നടന്ന യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. ഇവ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കും. 

Tags:    
News Summary - Trivandrum corporation Appointment Controversy: Crime Branch Seizes Five Computers in Mayor's Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.