റോഡപകടം: ആദ്യ 48 മണിക്കൂറിനുള്ളിൽ സൗജന്യ വിദഗ്​​ധ ചികിത്സ

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 'ട്രോമ കെയര്‍ പദ്ധതി' ആവിഷ്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാൽ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കും. 48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സക്ക​ുളള പണം സര്‍ക്കാര്‍ നൽകും. ഈ തുക പിന്നീട് ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയട്രോമ കെയര്‍ പദ്ധതി'യുടെ വിശദരൂപം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ച​ു. യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. 

അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ല. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞ​ു.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും 'ട്രോമ കെയര്‍' സജീകരിക്കും. അപകടത്തില്‍പ്പെടുന്നവരെ കാലതാമസമല്ലാതെ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ആംബുലന്‍സില്‍ ആധുനിക സജ്ജീകരണങ്ങളുണ്ടായിരിക്കും. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ഇതിന് വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് സർക്കാർ ഉദേശിക്കുന്നത്. 

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്​റ്റ്​ വെയർ ഉണ്ടാക്കും. ഒരു കേന്ദ്രീകൃത കോള്‍ സെന്‍ററില്‍ ഇതെല്ലാം സോഫ്​റ്റ്​ വെയർ സഹായത്തോടെ നിയന്ത്രിക്കും.

കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ടിന്‍റെ (കെ.എസ്.ടി.പി) സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് എന്നിവയും സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതവും ഉപയോഗിച്ച് 'ട്രോമ കെയര്‍' പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നത്. സമയബന്ധിതമായി ഇതു പ്രാവര്‍ത്തികമാക്കുന്നതിന് ആരോഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പി.ഡബ്ല്യു.ഡി എന്നീ വകുപ്പകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഈ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന് പദ്ധതിക്ക് പ്രായോഗിക രൂപം നല്‍കി നടപ്പാക്കണം.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ്, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓഡിനേഷന്‍) വി.എസ്. സെന്തില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - Troma Care program for Road accident victims- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.