രക്തസാക്ഷികളുടെ പേര്​ നീക്കിയ നടപടി ചരിത്രത്തോട് നീതി പുലർത്താത്തത് -ടി.വി ഇബ്രാഹീം എം.എൽ.എ

കൊണ്ടോട്ടി: 1921ലെ മലബാർ രക്തസാക്ഷികളുടെ പേര്​ ഇന്ത്യൻ സ്വാതന്ത്യ സമര സേനാനികളുടെ നിഘണ്ടുവിൽനിന്നും നീക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ചരിത്രത്തോട് നീതി പുലർത്താത്തതുമാണെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ. ഇന്ത്യൻ സ്വാതന്ത്യസമരത്തിന്ന് ഒരു സംഭാവനയും ചെയ്തിട്ടില്ലാത്ത സംഘ്പരിവാർ ശക്തികളുടെ അസഹിഷ്ണുതയാണ് അപരനിർമിതിയിലൂടെ പുറത്ത് വരുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമടക്കം 387 രക്തസാക്ഷികളുടെ പേരുകളാണ് നീക്കം ചെയ്തത്. ഐ.സി.എച്ച്​.ആറിന്‍റെ തലപ്പത്ത് സംഘ്പരിവാർ സഹയാത്രികൻ ഓം ജി ഉപാധ്യാെയ നിയമിച്ചപ്പോൾ തന്നെ ചരിത്ര കൗൺസിലിന്‍റെ ഗതി ചരിത്ര പണ്ഡിതർ ചുണ്ടിക്കാട്ടിയത് ശരിവെയ്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ബ്രിട്ടീഷ് പട്ടാളത്തോട് ധീരമായി ഏറ്റുമുട്ടിയ മലബാർ കലാപമെന്നും പൂക്കോട്ടൂർ യുദ്ധം എന്നും വിളിക്കപ്പെടുന്ന ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ചെറുതാക്കി കാണിക്കുന്നത്​ രാജ്യദ്രോഹമാണ്. നാടിന്‍റെ സ്വാതന്ത്ര്യത്തിന് പൊരുതി രക്തസാക്ഷ്യം വഹിച്ച സേനാനികളെയാണ്​ ഇതിലൂടെ അനാദരിക്കുന്നത്​.

ഈ യുദ്ധത്തിൽ 10,018 പേർ മരിക്കുകയും 40,000 ത്തിലധികം പേർക്ക് പരിക്കൽക്കുകയും 60,000ത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്​തതായി അന്നത്തെ പൊലീസ് സൂപ്രണ്ട് ഹിച്ച്കോക്ക് തന്‍റെ ഡയറിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. വിപിൻ ചന്ദ്ര, റൊമില ഥാപർ, ഇർഫാൻ ഹബീബ്, എം.ജി.എസ് നാരായണൻ, കെ.എൻ പണിക്കർ തുടങ്ങിയ ഇന്ത്യയിലെ മുൻനിര ചരിത്രകാരൻമാരെല്ലാം സ്വാതന്ത്യസമര പട്ടികയിലാണ് ഈ യുദ്ധങ്ങളും ഉൾപ്പെടുത്തിയത്. ചരിത്ര കൗൺസിലിന്‍റെ നടപടി മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള തലമുറ തള്ളിക്കളയും എന്നുറപ്പാണ്. മുസ്​ലിം സമുദായത്തെയും അവർ നാടിന്ന് സമർപ്പിച്ച ത്യാഗത്തിന്‍റെയും ചരിത്രം അപരവത്​കരിക്കാൻ ശ്രമിക്കുന്നത് സംഘ്പരിവാറിന്‍റെ സങ്കുചിത രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്.

ത്യാഗപൂർണമായ സമരത്തെ ബ്രിട്ടീഷുകാർ മാപ്പിള ലഹളയെന്നും വാഗൺ ട്രാജഡി എന്നും വിളിച്ച് ചരിത്രത്തിൽ നിറംകെടുത്തിയത് പോലെ ഐ.സി.എച്ച്.ആറും പിന്തുടരുന്നത് പ്രതിഷേധാർഹമാണെന്നും പൊതുസമൂഹം പ്രതികരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - TV Ibrahim MLA against deletion of name from martyr's dictionary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.