കൊട്ടാരക്കര: സംരക്ഷണത്തിനായി കോടികൾ ചെലവഴിച്ചിട്ടും ഇപ്പോഴും നഗരമധ്യത്തിലെ മാലിന്യവാഹിനിയായി പുലമൺ തോട് ഒഴുകുന്നു. തോട്ടിലേക്കുള്ള മാലിന്യംതള്ളൽ തടയാനോ നവീകരണത്തിനോ ഫലപ്രദമായ പദ്ധതി നടപ്പായിട്ടില്ല. നഗരസഭ ബജറ്റിലും പുലമൺ തോട് നവീകരണം മുഖ്യ ഇനമാണെങ്കിലും കറുത്തിരുണ്ട് അഴുക്കുജലം കെട്ടിക്കിടക്കുന്ന അവസ്ഥക്ക് മാറ്റമില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ടരകോടി രൂപയാണ് പുലമൺ തോട് നവീകരണത്തിനായി ഉൾപ്പെടുത്തിയിരുന്നത്.
സാമ്പത്തികവർഷം അവസാനത്തോടടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. മീൻപിടിപ്പാറ വിനോദസഞ്ചാര പദ്ധതിയുടെ തുടർച്ചയായി പുലമൺതോട് വികസനവും നടപ്പാക്കാനായിരുന്നു പദ്ധതി. തോടിന്റെ ഇരുവശങ്ങളിലും നടപ്പാതയും പുഷ്പവൃക്ഷങ്ങളും ഇരിപ്പിടങ്ങളും ലഘുഭക്ഷണശാലയും ഒരുക്കുന്നതാണ് പദ്ധതി. മീൻ പിടിപ്പാറയിൽ നിന്ന് കുറച്ചുദൂരം നടപ്പാത നിർമിച്ചിട്ടുണ്ട്.
പുലമണിൽ നിന്ന് മീൻപിടിപ്പാറ വരെ തോടിന്റെ കരയിലൂടെ നടപ്പാത നിർമിച്ചാൽത്തന്നെ നഗരവാസികൾക്ക് പ്രഭാത സവാരിക്കും സായാഹ്ന സഞ്ചാരത്തിനും സൗകര്യമാകും. മാലിന്യം നീക്കം ചെയ്തു വൃത്തിയാക്കുന്ന തോട്ടിലൂടെ വേനൽക്കാലത്ത് കെ.ഐ.പി കനാൽ ജലം ഒഴുക്കാനും പദ്ധതിയിട്ടിരുന്നു.
വേനൽക്കാലത്തും തോട് ജലസമൃദ്ധമാകുന്നതിലൂടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളിൽ ജലക്ഷാമം ഒഴിവാക്കാൻ കഴിയും. താലൂക്ക് സമിതിയിൽ നിരന്തരം ചർച്ചയായതോടെ കൈയേറ്റം ഒഴിപ്പിക്കാൻ സർവേ നടത്തുകയും അതിർത്തി കല്ലുകൾ പലതും പിഴുത്മാറ്റുകയും ചെയ്തു. നിലവിൽ നീരൊഴുക്കുകുറഞ്ഞ തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നു.
കടകളിൽ നിന്നുൾപ്പെടെ മാലിന്യം തോട്ടിലേക്ക് തള്ളുന്നതിന് ഒരു കുറവുമില്ല. രണ്ടരക്കോടിയുടെ തോടുവികസന പദ്ധതിയുടെ അടങ്കൽ തയാറാക്കുകയാണെന്നും ഉടൻ യാഥാർഥ്യമാകുമെന്നും എം.എൽ.എ ഓഫിസ് വിശദീകരിക്കുമ്പോൾ പദ്ധതി കടലാസിലൊതുങ്ങുമെന്ന് വിമർശകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.