കൊടകരയില്‍ പൊലിസ് പിടികൂടിയ കഞ്ചാവ്, അറസ്റ്റിലായ വിന്‍സന്റ്, ടോംജിത്ത്

കൊടകരയില്‍ വൻ കഞ്ചാവ്​ വേട്ട; രണ്ടുപേർ പിടിയില്‍

കൊടകര: ദേശീയപാതയിലൂടെ കാറില്‍ കടത്തുകയായിരുന്ന 140 കിലോ കഞ്ചാവ് പോലിസ് പിടികൂടി. കാറിലുണ്ടായിരുന്ന ആലുവ സ്വദേശികളായ രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തു. ആലുവ ചുണങ്ങംവേലി സ്വദേശി വടക്കേലന്‍ വീട്ടില്‍ ടോംജിത്ത് (25), ആലുവ കൂട്ടേടത്ത് വീട്ടില്‍ വിന്‍സന്റ് (30) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവുമായി ഇവര്‍ സഞ്ചരിച്ച ബ്രീസ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്‍റെ ഡിക്കിയിലാണ് കഞ്ചാവുപൊതികള്‍ സൂക്ഷിച്ചിരുന്നത്. ആന്ധയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ് പൊതികള്‍. പേരാമ്പ്ര അപ്പോളോ ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് കൊടകര പോലിസ് കഞ്ചാവുകടത്ത് പിടികൂടിയത്.

അറസ്റ്റിലായ ടോംജിത്തും വിന്‍സന്റും വിവിധ കേസുകളിലെ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. കൊടകര എസ്.എച്ച്.ഒ.ജയേഷ് ബാലന്‍, എസ്.ഐ.ജെയ്‌സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ചാലക്കുടി ഡിവൈ.എസ്.പി.യുടെ കീഴിലുള്ള പ്രത്യേക സ്‌കാഡിലെ അംഗങ്ങളും കഞ്ചാവുപിടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് കൊടകര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍തോതിലുള്ള കഞ്ചാവുവേട്ട നടക്കുന്നത്. കഴിഞ്ഞ നവംബറില്‍ കാറില്‍ കടത്തികൊണ്ടുപോകുകയായിരുന്ന 54 കിലോ കഞ്ചാവ് സഹിതം രണ്ടുയുവാക്കളെ കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ വെച്ച് പോലിസ് പിടികൂടിയിരുന്നു. ജൂണില്‍ നെല്ലായിയില്‍ വെച്ച് 85 കിലോ കഞ്ചുമായി മൂന്നുപേരെ അറസ്റ്റു ചെയ്തിരുന്നു. പോലിസ് സംശയിക്കാതിരിക്കാന്‍ വിലകൂടിയ കാറുകളാണ് കഞ്ചാവുകടത്ത് സംഘം ഉപയോഗിക്കുന്നത്.


Tags:    
News Summary - Two arrested with 140 kg cannabis in Kodakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.