ആലുവ: ഇടുക്കി നീലച്ചടയൻ കഞ്ചാവ് എന്ന വ്യാജേന സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഏജൻറുമാരുടെ സഹായത്തോടെ വിതരണം ആന്ധ്ര കഞ്ചാവ് വിൽപന നടത്തുന്ന സംഘം പിടിയിൽ. ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം എറണാകുളത്തേക്ക് കടത്തുകയായിരുന്ന 48 കിലോ കഞ്ചാവുമായാണ് രണ്ടുപേരെ ആലുവ റേഞ്ച് എക്സൈസും ആർ.പി.എഫും ചേർന്ന് പിടികൂടിയത്.
മനുഷ്യാവകാശ കമീഷൻ ഉദ്യോഗസ്ഥരായി ചമഞ്ഞ് യാത്ര ചെയ്തിരുന്ന മലപ്പുറം സ്വദേശി തോട്ടുനഗപ്പുരയ്ക്കൽ നിധിൻനാഥ് (26) കർണാടകയിൽ താമസിക്കുന്ന മലയാളിയായ സുധീർ കൃഷ്‌ണൻ (45) എന്നിവരിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അജിരാജും ആർ.പി.എഫ് സബ് ഇൻസ്പെകടർ പി.വി. രാജുവും ചേർന്ന് ഇവരെ അറസ്‌റ്റ് ചെയ്തു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവർ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇടുക്കി സ്വദേശിക്ക് കൈമാറാൻ എറണാകുളത്തേക്ക് കൊണ്ടുപോകവേയാണ് പിടിയിലായത്. പിടിയിലായവർ എ.സി കംപാർട്ട്മെൻറിൽ മനുഷ്യാവകാശ കമീഷൻ ഉദ്യോഗസ്ഥരുടേതെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ധരിച്ചാണ് യാത്രചെയ്തത്. സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് കടത്ത് ചുരുളഴിയുന്നത്.
പ്രതികളെ പിടികൂടിയ സംഘത്തിൽ എക്സൈസ് പ്രിവൻറിവ് ഓഫിസർ എൻ.ജി. അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.ഡി. ടോമി, കെ.ആർ. രതീഷ്, ശിരിഷ് കൃഷ്‌ണൻ, എസ്. അനൂപ്, പി.യു. നീതു, കെ.എം. തസിയ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.