കൊല്ലം: വാനര വസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ കണ്ടെത്തി. ഒരാളെ കണ്ടെത്താൻ ഊർജിത ശ്രമം തുടരുന്നു. യുവാവ് ജൂലൈ 12ന് വൈകീട്ട് വീട്ടിൽനിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർ, ഇവിടെനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോയ ഓട്ടോയിലെ ഡ്രൈവർ എന്നിവരെയാണ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയത്. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ടാക്സി കാറിന്‍റെ ഡ്രൈവറെയാണ് കണ്ടെത്താനുള്ളത്.
ആദ്യം ആശുപത്രിയിലേക്കെത്തിച്ച ഓട്ടോയും തിരുവനന്തപുരത്തേക്ക് പോയ ടാക്സിയുമാണ് പൊലീസ് തേടിയിരുന്നത്. ഇതിനായി ആരോഗ്യവകുപ്പ് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ സ്റ്റാൻഡുകളിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും ഓട്ടോ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന്, പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് പോയത് മറ്റൊരു ഓട്ടോയിലാണെന്ന് തിരിച്ചറിഞ്ഞത്. യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ നിന്നാണ് ടാക്സി കാര്‍ വിളിച്ച് പോയത്.
യുവാവിന്‍റെ ഭാര്യ, രണ്ട് മക്കൾ, അച്ഛൻ, ഭാര്യാ മാതാവ് എന്നിവർ വീട്ടിൽ നിരീക്ഷണത്തിലാണ്. മാതാവും സഹോദരീ ഭർത്താവും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ യുവാവിന്‍റെ വീടും സമീപ പ്രദേശങ്ങളും അണുമുക്തമാക്കി.
കലക്ടർ അഫ്സാന പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ, സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്, ജില്ല ആരോഗ്യവിഭാഗം അധികൃതർ ഉൾപ്പെടെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാര്‍ഡ് ഉള്‍പ്പെടെ സൗകര്യമൊരുക്കി. ഇവിടെ മൂന്ന് ആംബുലൻസുകള്‍ പ്രത്യേകമായി മാറ്റിവെച്ചു. നിലവിൽ സമ്പര്‍ക്കത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ലക്ഷണങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.