തിരുവനന്തപുരം: രാജ്യത്തെ നിയമനിർമാണ സഭകളിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിത സാമാജികർ. കേരള നിയമസഭയിൽ ആരംഭിച്ച വനിത സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി 'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും' എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് അഭിപ്രായം ഉയർന്നത്.
വനിതകൾക്ക് 33 ശതമാനം സംവരണമെന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണക്കുകയും പ്രകടനപത്രികയിൽ മിക്കവരും ഉൾപ്പെടുത്തുകയും ചെയ്തിട്ടും ഈ ബിൽ പാസാക്കുന്നതിലെ തടസ്സം മനസ്സിലാകുന്നില്ലെന്ന് കനിമൊഴി കരുണാനിധി എം.പി പറഞ്ഞു. വനിതകളെ മോശക്കാരായി പൊതുയിടങ്ങളിൽ ചിത്രീകരിക്കുന്നതിനെതിരെ ബിൽ കൊണ്ടുവരും. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള നിയമങ്ങളാണ് സഭയിൽ പാസാക്കുന്നത്. എന്നാൽ, ഭൂരിപക്ഷ പുരുഷ സാമാജികരാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നും കനിമൊഴി അഭിപ്രായപ്പെട്ടു.
വനിതകൾക്ക് 33 ശതമാനം സംവരണമെന്നത് യാഥാർഥ്യമാകാൻ ഇനിയുമൊരു 75 വർഷമാകുമെന്ന സ്ഥിതിയാണെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. പാർലമെന്റിൽ 35 ശതമാനം സംവരണം ഉറപ്പാക്കാൻ രാഷ്ട്രീയ, ഭാഷ, ദേശ ദേദമന്യേ സ്ത്രീകൾ ഒറ്റക്കെട്ടായി നിൽക്കണം. വനിതകൾ അഭിപ്രായം പറയുമ്പോൾ അതിനെ രാഷ്ട്രീയാഭിപ്രായത്തോടെ നേരിടുന്നതിന് പകരം സെക്ഷ്വൽ കമന്റുകളാണ് ഉണ്ടാകുന്നത്. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ നിയമനിർമാണ സഭകളിൽ കോഡ് ഓഫ് കണ്ടക്ട് വേണ്ടത് അത്യാവശ്യമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
വനിതകൾക്ക് 50 ശതമാനം സംവരണമാണ് വേണ്ടതെന്ന് ഗുജറാത്ത് നിയമസഭ സ്പീക്കർ നിമബെൻ ആചാര്യ അഭിപ്രായപ്പെട്ടു. വനിതകൾക്ക് കേരളം നൽകുന്ന പ്രാധാന്യത്തെ പ്രകീർത്തിച്ച സ്പീക്കർ 22 വയസ്സുള്ള മേയർ തലസ്ഥാന നഗരത്തിലെ കോർപേറഷൻ ഭരിക്കുന്നതിനെ ഉത്തരാഖണ്ഡ് സ്പീക്കൽ റിതു ഖണ്ഡൂരി അഭിനന്ദിച്ചു.
മുൻ നിയമസഭാംഗം ആർ. ലതാദേവി മോഡറേറ്ററായിരുന്നു. യു. പ്രതിഭ എം.എൽ.എ സ്വാഗതവും കെ. കെ. രമ എം.എൽ.എ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം നല്‍കിയതിനെ 'സ്ത്രീ ശാക്തീകരണം' എന്ന് വിളിക്കുന്നത് ഉചിതമല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്ത്രീകള്‍ ശക്തരാണ്. രാഷ്ട്രീയ പ്രക്രിയകളില്‍ അവരുടെ മികച്ച പങ്കാളിത്തം ഒരുക്കുന്നത് ശാക്തീകരണമാണെങ്കില് അത് മുഴുവന്‍ സമൂഹത്തിന്റെയും ശാക്തീകരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിത സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
സ്ത്രീകള്‍ വിവിധ മേഖലകളിൽ നിലനിൽക്കുന്ന പ്രതിബന്ധങ്ങള്‍ മറികടക്കുകയാണ്. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം അടക്കമുള്ള പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വർധിക്കുന്നു. പ്രതിസന്ധിയുടെ മാസങ്ങളില്‍ രാഷ്ട്രത്തിന് കാവല്‍ നിന്ന കൊറോണ യോദ്ധാക്കളില്‍ സ്ത്രീകളാണ് പുരുഷന്മാരെക്കാള് കൂടുതല്‍. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കേരളം എല്ലായ്പോഴും കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട്.
ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായില്ല. ആഴത്തില്‍ വേരൂന്നിയ സാമൂഹിക മുന്‍വിധികള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടെന്ന സത്യം നാം മനസ്സിലാക്കണം. സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, നിയമസഭ സ്പീക്കർ എം.ബി. രാജേഷ്, മന്ത്രി ജെ. ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.